ഇരുപതില്‍ ഇരുപതും യുഡിഎഫ് ജയിക്കും; സിപിഎം സഹായത്തോടെ ബിജെപി അക്കൗണ്ട് തുറക്കുന്നത് അനുവദിക്കില്ല: വി.ഡി.സതീശന്‍

Jaihind Webdesk
Friday, April 19, 2024

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതില്‍ ഇരുപത് സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തുച്ഛമായ വോട്ടുകള്‍ക്ക് നഷ്ടമായ ആലപ്പുഴയില്‍ ഇത്തവണ കെ.സി വേണുഗോപാല്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും. ദേശീയതലത്തിലും കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ നിശബ്ദ തരംഗമുണ്ട്. ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാവരും ബിജെപി ഇനിയും അധികാരത്തില്‍ എത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധതയും വര്‍ഗീയതയും ഇനിയും ആവര്‍ത്തപ്പെടാന്‍ പാടില്ലെന്ന് ബോധ്യമുള്ള ജനത ബിജെപിക്കെതിരെ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ യുഡിഎഫ് അനുവദിക്കില്ല. ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. മത്സരം നടക്കുന്നത് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എല്‍ഡിഎഫ് സഹായിച്ചാലും അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ യുഡിഎഫ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.