ആരോഗ്യമന്ത്രിയുടെ അവഗണന, വേദിവിട്ടിറങ്ങി പ്രതിഷേധിച്ച് പത്തനംതിട്ട നഗരസഭാ ചെയർമാന്‍; തർക്കവും വിഭാഗീയതയും പൊട്ടിത്തെറിയിലേക്ക്

 

 

പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈനും സ്ഥലം എംഎൽ യും ആരോഗ്യ മന്ത്രിയുമായ
വീണാ ജോർജും തമ്മിലുള്ള ശീതസമരം സിപിഎമ്മിൽ പരസ്യ തർക്കത്തിലേക്ക്. കഴിഞ്ഞ ദിവസം നഗരത്തിലെ കുടിവെള്ള പൈപ്പ് മാറ്റൽ ചടങ്ങിന്‍റെ ഉദ്ഘാടന വേദിയും ഇതിന് സാക്ഷ്യം വഹിച്ചു.

കാലങ്ങളായി ജില്ലയിലെ ചില സിപിഎം നേതാക്കളും മന്ത്രി വീണാ ജോർജും തമ്മിലുള്ള തർക്കവും വിഭാഗീയതയും സിപിഎമ്മിൽ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. തന്‍റെ പ്രതിഷേധം ചെയർമാൻ സ്റ്റേഡിയത്തിലുള്ള പാർട്ടി പ്രവർത്തകരോട് തുറന്ന് പറയുകയും ചെയ്തു. ഉദ്ഘാടന യോഗത്തിൽ ചെയർമാൻ്റെ പേർ വിഷയാവതാരകനെന്നെ നിലയിലായിരുന്നു നോട്ടീസിൽ വെച്ചിരുന്നത്. എന്നാൽ സ്വാഗത പ്രസംഗത്തിനു ശേഷം നടക്കേണ്ട വിഷയാവതരണത്തിന് അനുവാദം നൽകാതെ സ്ഥലം എംഎൽഎയും മന്ത്രിയുമായ വീണാ ജോർജ് അധ്യക്ഷ പ്രസംഗം വിശദമായി നടത്തിയ ശേഷം നഗരസഭാ അധ്യക്ഷനായ സക്കീർ ഹുസൈന് അവസരം നൽകാതെ ഉദ്ഘാടനത്തിനായി ജലവിതരണ മന്ത്രി റോഷി അഗസ്റ്റിനെ ക്ഷണിക്കുകയായിരുന്നു. തുടർന്ന് ആന്‍റോ ആൻ്റണി എംപിയെയും ക്ഷണിച്ചു.

താൻ അവഗണിക്കപ്പെട്ടെന്ന് മനസ്സിലായ ചെയർമാൻ തുടർന്ന് വേദിയിലിരിക്കാൻ തയ്യാറാകാതെ പുറത്തിറങ്ങുകയും മറ്റൊരു പരിപാടിക്കായി പോകാൻ പുറത്തിറങ്ങിയ മന്ത്രി റോഷി അഗസ്റ്റിനോട് തന്‍റെ അമർഷം ശക്തമായി പ്രകടിപ്പിക്കുകയും ചെയ്തു. വാട്ടർ അതോറിറ്റിയിൽ 4 മാസം മുമ്പ് വരെ അസിസ്റ്റന്‍റ് എൻജിനീയറായി പ്രവർത്തിച്ചിരുന്ന വ്യക്തിയെ തന്‍റെയും രാഷ്ട്രീയ ഭേദമന്യേ കാൺസിലർമാരുടെയും എതിർപ്പ് മറികടന്ന് വീണ്ടും പത്തനംതിട്ടയിൽ നിയമിക്കാനുള്ള നീക്കത്തെയാണ് ശക്തമായ വാക്കുകളോടെ ചെയർമാൻ എതിർത്തത്. ഇക്കാര്യം മുൻ നഗരസഭാ ചെയർമാൻ അഡ്വ. എ സുരേഷ് കുമാറും ശരിവെച്ചു.

നഗരത്തിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും കാണാൻ കൂട്ടാക്കാതെ ജന പ്രതിനിധികളെ അവഗണിക്കുന്ന മുൻ  അസിസ്റ്റന്‍റ് എന്‍ജിനീയർ കാരണം തങ്ങൾ അനുഭവിച്ചിരുന്ന ദുരിതങ്ങൾ സ്ഥലത്തുണ്ടായിരുന്ന മറ്റ് കൗൺസിലർമാരും പറയുന്നുണ്ടായിരുന്നു. ഇതുൾപ്പെടെ നഗരത്തിലെ നിരവധി കുടിവെള്ള പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുണ്ടായിരുന്നുവെന്നും അതിന് അവസരം നൽകാതിരിക്കാനാണ് തനിക്ക് പ്രസംഗിക്കാൻ വീണാ ജോർജ് അവസരം നൽകാതിരുന്നതെന്നും സക്കീർ ഹുസൈൻ സ്റ്റേഡിയത്തിലുണ്ടായിരുന്ന ജനങ്ങളോട് പരസ്യമായി പറയുന്നുണ്ടായിരുന്നു. ഒരു വിഭാഗം സിപിഎം പ്രവർത്തകരും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെ ജില്ലയിൽ സിപിഎമ്മും ആരോഗ്യമന്ത്രിയും തമ്മിലുള്ള തർക്കവും വിഭാഗീയതയും മറനീക്കി പുറത്തുവരികയാണ്. പാർട്ടി സമ്മേളനങ്ങളിലും വീണാ ജോർജിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Comments (0)
Add Comment