ഹോ എന്തൊക്കെ കാണണം!! സംസ്ഥാന സര്‍ക്കാരിന്റെയും കളക്ടറുടെയും വീഴ്ച്ച മറച്ച് ‘ബ്രേക് ത്രൂ’ നാടകം; തുറന്നുകാട്ടി അഡ്വ. ഹരീഷ് വാസുദേവന്‍

Jaihind News Bureau
Wednesday, October 23, 2019

കൊച്ചിയിലെ ‘വെള്ളമൊഴിപ്പിച്ച’ മുഖ്യമന്ത്രിയുടെയും കളക്ടറുടെയും നാടകത്തെ തുറന്നുകാട്ടി അഡ്വ.ഹരീഷ് വാസുദേവിന്റെ പോസ്റ്റ് . കൊച്ചിയില്‍ അപ്രതീക്ഷിതമായുണ്ടായ മഴയെയും അതിനെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും വളരെയേറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് ഓപറേഷന്‍ ബ്രോക്ക് ത്രൂ എന്ന പേരില്‍ നാലുമണിക്കൂര്‍ കൊണ്ട് വെള്ളക്കെട്ട് ഒഴിപ്പിച്ചെന്നും. അതിനായി നാല് മണിക്കൂര്‍ കൊണ്ട് ഒഴിപ്പിച്ച കളക്ടറെയും സര്‍ക്കാര്‍ വകുപ്പുകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നുമാണ് വീരവാദം. എന്നാല്‍ സര്‍ക്കാരിന്റെ വീഴ്ച്ചകൊണ്ടുണ്ടായ വെള്ളപ്പൊക്കവും അതിനെത്തുടര്‍ന്നുണ്ടായ ദുരന്തത്തെയും മറച്ചുവെച്ചാണ് ബ്രേക്ക് ത്രൂ നാടകമെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍.
ജില്ലാ ദുരന്തനിവാരണ പ്ലാന്‍ ഉണ്ടാക്കാതെ നടത്തിയ വീഴ്ച്ചയാണ് കൊച്ചിയില്‍ സംഭവിച്ച വെള്ളക്കെട്ട്. വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലും മുഖ്യമന്ത്രിയുടെ ഫോണ്‍വിളി വരാന്‍ വേണ്ടീട്ട് കാത്തിരുന്ന ജില്ലാ കളക്ടറുടെ വീഴ്ചയെപ്പറ്റിയും ഹരീഷ് വാസുദേവന്‍ തന്റെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ഇ.ബിയുടെ സബ് സ്‌റ്റേഷനില്‍ വെള്ളക്കെട്ടുണ്ടായത് തടയാനാകാത്തത് ആ വകുപ്പിന്റെയും സ്ഥാപനത്തിന്റെയും വീഴ്ച്ചയാണ്. ഇതൊക്കെയും പറയാതെയാണ് മുഖ്യമന്ത്രിയുടെ ബ്രേക് ത്രൂവെന്ന് വിദഗ്ധര്‍ ചൂണ്ടാക്കാട്ടുന്നു.
അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ദുരന്ത റോളുകൾ !!

മുഖ്യമന്ത്രി ഇടപെടത് കൊണ്ട് ജില്ലാ കളക്ടർ രാത്രി എന്തോ ചെയ്ത് വെള്ളക്കെട്ട് പരിഹരിച്ചു, അതുകൊണ്ട് മുഖ്യമന്ത്രി ജില്ലാ കളക്ടറെ അഭിനന്ദിക്കുന്നു, കളക്ടർ മറ്റുദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, പത്രങ്ങളിൽ ഇവരുടെയൊക്കെ ഫോട്ടോ വരുന്നു… ഹോ !! എന്തൊക്കെ കാണണം !!

ജില്ലാ ദുരന്തനിവാരണ പ്ലാൻ എന്നൊരു സാധാനമുണ്ട് DM ആക്ടിന്റെ കീഴിൽ. അതുണ്ടാക്കുന്നതിൽ പറ്റിയ വീഴ്ചയാണ് ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് നടപടി എടുക്കാൻ പറ്റാത്തത്. ഉള്ള പ്ലാനിൽ പറഞ്ഞിരിക്കുന്ന നടപടികൾ എടുക്കാത്തത് ഇപ്പറഞ്ഞ കളക്ടർ ഉൾപ്പെട്ടടുള്ളവരുടെ വീഴ്ചയാണ്. വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ Disaster Risk Reduction / Preparedness എന്ന പരിപാടി ചെയ്യാൻ ജില്ലാ കളക്ടർക്ക് പാത്രരാത്രി പിണറായി വിജയന്റെ കോൾ വരാൻ നോക്കിയിരിക്കേണ്ട കാര്യമില്ല. അത് എണ്ണയിട്ട യന്ത്രംപോലെ എല്ലാ മഴക്കാലത്തിന് മുൻപും ചെയ്യാനും ചെയ്യിക്കാനുമാണ് സർക്കാർ ശമ്പളം കൊടുക്കുന്നത്.

KSEB യുടെ സബ്സ്റ്റേഷനിൽ വെള്ളം കയറാതെ നോക്കാനുള്ള സംവിധാനം ഉണ്ടാക്കാൻ ആ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ലെങ്കിൽ അതവരുടെ പരാജയമാണ്.

DM ആക്ടിന്റെ 30, 31,32 എന്നീ വകുപ്പുകൾ പ്രകാരം, ഒരു ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ ദുരന്തലഘൂകരണത്തിന് വേണ്ട എല്ലാ നടപടികളും ചെയ്തെന്നു ഉറപ്പുവരുത്താനും അത് ചെയ്യിക്കാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയക്കും അതിന്റെ ചെയർമാൻ കളക്ടർക്കും ബാധ്യതയുണ്ട്. ജില്ലാ അതോറിറ്റികൾ അപ്പണി ചെയ്യുന്നുണ്ടോ എന്നു മാസാമാസം നിരീക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന അതോറിറ്റിയ്ക്കും അതിന്റെ ചെയർമാനായ മുഖ്യമന്ത്രിക്കും ഉണ്ട്. ഇതൊന്നും ചെയ്യാതെ, അതിൻമൂലം ഉണ്ടായ പ്രതിസന്ധി ഉണ്ടായിട്ട്, ആ പ്രതിസന്ധിയിൽ ഉണർന്നു പ്രവർത്തിച്ചതിനു പ്രതിസന്ധിതന്നെ ഉണ്ടാക്കിയവർ അങ്ങോട്ടുമിങ്ങോട്ടും അഭിനന്ദിക്കുന്നു, വീഡിയോ ലൈവ് വെച്ചു PR ഉണ്ടാക്കുന്ന കാഴ്ച വെറും അശ്ലീലമാണ്.

സുഹൃത്ത് കൂടിയായ ശ്രീ.സുഹാസ് ക്ഷമിക്കണം, ഇത് വ്യക്തിപരമേയല്ല, ഔദ്യോഗിക കൃത്യനിർവ്വഹണം മെച്ചപ്പെടുത്തേണ്ടതിനുള്ള പൊതുവിമര്ശനമാണ്. അതുൾക്കൊണ്ടു ജില്ലാ തലത്തിലെ ദുരന്തലഘൂകരണം കൂടുതൽ കാര്യക്ഷമമാക്കിയാൽ അടുത്ത മഴക്കാലത്ത് രാത്രി മീഡിയയുമായി ഉറക്കം ഒഴിയേണ്ടി വരില്ല.

അഡ്വ.ഹരീഷ് വാസുദേവൻ.