വിദേശരാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടി വേണം: ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Friday, April 24, 2020

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

കോവിഡ് 19 മഹാമാരിമൂലം വലിയ തകര്‍ച്ചയും മാനസികവ്യഥയും നേരിടുന്ന പ്രവാസികള്‍ക്ക് ഇതു താങ്ങാവുന്നതിനും അപ്പുറമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ നിയന്ത്രണങ്ങളില്‍പ്പെട്ടാണ് മൃതദേഹം കൊണ്ടുവരാന്‍ കഴിയാതിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മൃതദേഹം കൊണ്ടുവരാനുള്ള അനുവാദം ഉണ്ടായിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് ഇപ്പോള്‍ പല വിമാനത്താവളങ്ങളിലും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.

ഇതു സംബന്ധിച്ച് താന്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി ഫോണില്‍ സംസാരിക്കുകയും എത്രയും വേഗം അനുകൂലമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.