ലൈഫ് പദ്ധതിയിൽ സർക്കാരിന്‍റേത് പൊള്ളയായ വാദങ്ങള്‍ : ഉമ്മൻ ചാണ്ടി

Jaihind News Bureau
Monday, March 2, 2020

ലൈഫ് പദ്ധതിയിൽ സർക്കാരിന്‍റേത് പൊള്ളയായ വാദങ്ങളെന്ന് കോൺഗ്രസ് പ്രവർത്തക സമതി അംഗം ഉമ്മൻ ചാണ്ടി. കുടുംബശ്രീ നടത്തിയ സർവേയിൽ കണ്ടെത്തിയതിനേക്കാൾ ഗുണഭോക്താക്കൾ എങ്ങനെ വന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സർക്കാർ പറയുന്നതും ചെയ്യുന്നതും രണ്ടായതിനാലാണ് ലൈഫിന്‍റെ ഉത്ഘാന ചടങ്ങ് ബഹിഷ്കരിച്ചതെന്നും മുഖ്യമന്ത്രിക്ക് ഉമ്മൻ ചാണ്ടി മറുപടി നൽകി.

യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് ആകെ 4,37282 വീടുകൾ പണിതു നൽകി. ഇന്ദിരാ ആവാസ് യോജന പ്രകാരം മാത്രം 2,37938 വീടുകളും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി 62,450 വീടുകളും മത്സ്യത്തൊഴിലാളികൾക്കായി 19,212 വീടുകളും കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഗ്രാമവികസനം എന്നിവയിലൂടെ 1,17682 വീടുകളുമാണ് യു ഡി എഫ് കാലത്ത് നിർമിച്ച് നൽകിയത്. എന്നാൽ ഇടതു സർക്കാർ പൊള്ളയായ അവകാശ വാദങ്ങളാണ് നിരത്തുന്നതെന്ന് ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

ഇടത് സർക്കാർ തന്നെ നടത്തിയ കുടുംബശ്രീ സർവേ പ്രകാരം 1,00618 പേരാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നു പറയുന്നു.പിന്നെ എങ്ങനെയാണ് രണ്ട് ലക്ഷത്തിലധികം പേർക്ക് വീട് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

സർക്കാർ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനോടാണ് യോജിക്കാത്തത്. സർക്കാർ പറയുന്നതും പ്രവർത്തിക്കുന്നതും രണ്ടായതിനാലാണ് ലൈഫ് ചടങ്ങ് ബഹിഷ്കരിച്ചതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.