പ്രളയം സംബന്ധിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളിക്കളഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിശദമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വിശ്വാസമില്ലാത്ത മുഖ്യമന്ത്രി വിദഗ്ധരെ ഉൾപ്പെടുത്തി ജുഡീഷ്യൽ അന്വേഷണം നടത്താൻ തയ്യാറാകണമെന്ന പറഞ്ഞ ഉമ്മൻ ചാണ്ടി ഡാം മാനേജ്മെന്റിലെ പിഴവാണ് വീണ്ടും ചൂണ്ടിക്കാട്ടിയത. ജൂലൈ മുതൽ തുടർച്ചയായി മഴ പെയ്തെങ്കിലും അഗസ്തിൽ മഴ കുറഞ്ഞു നിന്ന സമയത്ത് വലിയ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് ഡാം തുറന്നു വിടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ തമിഴ്നാട് സർക്കാർ നൽകിയ അഫിഡവിറ്റിൽ 390 മില്യൻ ക്യുബിക്ക് മീറ്റർ വെള്ളമാന്ന് ആഗസ്ത് 15 ന് പുറത്തു വിട്ടതെന്ന് വ്യക്തമാക്കിയിട്ടുള്ളത്. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നാണ് തങ്ങൾക്ക് ഈ കണക്ക് ലഭിച്ചതെന്നാണ് തമിഴ്നാട് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ 111 ലിറ്ററെന്ന കണക്കാണ് നിലവിൽ വെബ്സൈറ്റിലുള്ളത്. ഇത് വളരെ ഗൗരവതരമാണ്. ഈ കണക്കിൽ ആരാണ് പിഴവ് വരുത്തിയതെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 550ലേറെ ആളുകൾ മരിച്ച പ്രളയത്തിൽ ഒട്ടേറെ നാശന്ഷ്ടങ്ങളുമുണ്ടായി. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തു കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.