OOMMEN CHANDY| ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം: പുതുപ്പള്ളിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Jaihind News Bureau
Thursday, July 17, 2025

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ പുതുപ്പള്ളിയില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. പുതുപ്പള്ളി പള്ളി മൈതാനത്ത് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലില്‍ രാവിലെ 9 മണിക്ക് പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന അനുസ്മരണയോഗം ലോകസഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. അനുസ്മരണ യോഗത്തില്‍ യുഡിഎഫ് നേതാക്കന്മാരും വിവിധ മതമേലധ്യന്മാരും സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖവ്യക്തികളും പങ്കെടുക്കും.

ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 11 വീടുകളുടെ താക്കോല്‍ ദാനവും, ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ഉമ്മന്‍ ചാണ്ടി സ്‌പോര്‍ട്‌സ് അരീന, മീനടം സ്‌പോര്‍ട്‌സ് ടറഫിന്റെ നിര്‍മ്മാണ ഉദ്ഘാടനവും രാഹുല്‍ഗാന്ധി നിര്‍വഹിക്കും എന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടിയുടെ സ്മരണയ്ക്കായി കെപിസിസി ആരംഭിക്കുന്ന സ്മൃതി തരംഗം ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും സമ്മേളനത്തില്‍ വച്ച് നടക്കും. അതേസമയം സംസ്ഥാനത്ത് വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ യോഗങ്ങള്‍ നടക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.

പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ചടങ്ങുകള്‍ക്കായി പള്ളി മൈതാനത്ത് ഒരുങ്ങുന്നത്. പള്ളിമുറ്റത്തെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് അനുസ്മരണ യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുക. അനുസ്മരണ യോഗത്തില്‍ യുഡിഎഫ് നേതാക്കന്മാരും വിവിധ മതമേലധ്യന്മാരും സാമൂഹിക- സാംസ്‌കാരിക മേഖലയിലെ പ്രമുഖവ്യക്തികളും പങ്കെടുക്കും.