മലപ്പുറത്തെ വൃക്ക രോഗിക്ക് കൈത്താങ്ങായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

Jaihind News Bureau
Sunday, April 5, 2020

മലപ്പുറത്തെ വൃക്ക രോഗിക്ക് കൈത്താങ്ങായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ജയ്ഹിന്ദ് ടി.വി നടത്തിയ ഉമ്മൻചാണ്ടിയോട് ആശങ്കകൾ പങ്കുവെക്കാം എന്ന പരിപാടിയിലേക്ക് വിളിച്ച് എടക്കര സ്വദേശി തനിക്ക് മരുന്ന് ലഭിക്കുന്നില്ല എന്ന് പരാതി പറയുകയായിരുന്നു. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നിർദേശ പ്രകാരം എടക്കര സ്വദേശികളായ കിഡ്നി രോഗബാധിതർക്കുള്ള മരുന്നുകൾ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി വിതരണം ചെയ്തു.

ലോക്ക്ഡൗണിനെ തുടർന്ന് സ്ഥിരമായി മരുന്നുകൾ ഉപയോഗിച്ചിരുന്ന കിഡ്നി രോഗബാധിതർക്ക് മരുന്നുകൾ എത്തുന്നതിനുള്ള കാലതാമസം നേരിട്ടിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച എടക്കര സ്വദേശി അബ്ദുൽ കരീം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയെ ജയ്ഹിന്ദ് ടി.വി നടത്തുന്ന പരിപാടിയിലൂടെ വിളിച്ച് പരാതി അറിയിക്കുകയായിരുന്നു. മരുന്ന് എത്തിക്കാനുള്ള ഏർപ്പാട് ചെയ്യാം എന്ന് ഉമ്മൻ ചാണ്ടി രോഗിക്ക് ഉറപ്പ് നൽകുകയും ചെയ്തു.

ഉടൻ തന്നെ ഉമ്മൻ ചാണ്ടി മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വക്കേറ്റ് വി.വി പ്രകാശിനെ ബന്ധപ്പെടുകയും തുടർന്ന് ഈസ്റ്റ്സ് ഏറനാട് സർവീസ് സഹകരണ ബാങ്ക് 25,000 രൂപയുടെ മരുന്നുകൾ എടക്കര പ്രദേശത്തെ കിഡ്നി രോഗികൾക്കായി നൽകാൻ തയാറാവുകയും ചെയ്തു. ശനിയാഴ്ച തന്നെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വക്കേറ്റ് വി.വി പ്രകാശും ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് ബാബു തോപ്പിലും ചേർന്ന് മരുന്നുകളുടെ വിതരണം നടത്തി.