പുതുപ്പള്ളി സ്വന്തമായി കണ്ട ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിയില്‍ സ്വന്തം വീടില്ല; ” സ്വപ്ന വീട്” പൂര്‍ത്തിയാക്കാതെ മടക്കം

Jaihind Webdesk
Wednesday, July 19, 2023

കോട്ടയം: ഒട്ടനവധിപേര്‍ക്ക് വീട് എന്ന സ്വപ്നത്തിന് ചുക്കാന്‍ പിടിച്ച ഉമ്മന്‍ ചാണ്ടിക്ക് പുതുപള്ളിയില്‍ സ്വന്തമായൊരു ഒരു വീട് എന്നത് വെറുമൊരു സ്വപ്നം മാത്രമായി. പുതുപ്പള്ളിയിലെ വീടുപണി പൂർത്തിയാക്കും മുൻപാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയത്. പുതുപ്പള്ളി പഞ്ചായത്തിനു സമീപത്ത് 2021 ലാണ് പുതിയ വീടിന്‍റെ പണി തുടങ്ങിയത്.

തന്‍റെ നാടിനോടുള്ള സ്നേഹം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എത്രത്തോളം ഉണ്ട് എന്നറിയാൻ തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ വീടിൻറെ പേര് തന്നെ എടുത്താൽ മതി. തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ വസതിയുടെ പേര് തന്നെ പുതുപ്പള്ളി എന്നാണ്. പുതുപ്പള്ളിയിൽ സ്വന്തമായി ഒരു വീട് വേണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഇതിനായി കഴിഞ്ഞ 2021 ൽ കുടുംബവിഹിതത്തിൽ നിന്ന് ലഭിച്ച സ്ഥലത്ത് അദ്ദേഹം വീട് പണി ആരംഭിച്ചു.

എന്നാൽ പിന്നീട് വില്ലനായി എത്തിയ അനാരോഗ്യം കാരണം വീടിന്‍റെ പണി മന്ദഗതിയിലായി. വീട് പണിയുമായി ബന്ധപ്പെട്ട് തറകെട്ടി, ഭീം വാർത്തതിനു പിന്നാലെ അദ്ദേഹത്തിന്‍റെ രോഗം മൂർച്ഛിച്ചു. ഇതോടെ വീടുപണിയുടെ കാര്യത്തിൽ ചെറിയ ഇടവേള വന്നു. പിന്നീട് ചികിത്സയ്ക്കായി അദ്ദേഹം ബാംഗ്ലൂരിലേക്ക് പോയതോടെ താൽക്കാലികമായി വീട് പണി നിർത്തി വയ്ക്കേണ്ടി വന്നു.

തന്‍റെ സ്വപ്നമായ പുതുപ്പള്ളിയിലെ പുതിയ വീടിൻറെ പണിപൂർത്തിയാക്കും മുൻപാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിട പറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന്‍റെ ഏറ്റവും വലിയ ആഗ്രഹം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നത് പുതുപ്പള്ളിയിലെ നിവാസികൾക്ക് ഒരു വിങ്ങലാണ്.