പുതുപ്പള്ളിയില്‍ നിന്നും 12-ാം തവണയും ജയിച്ചുകയറാന്‍ ഉമ്മന്‍ ചാണ്ടി ; നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

Jaihind News Bureau
Tuesday, March 16, 2021

 

തിരുവനന്തപുരം :  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  രാവിലെ 11.20 ന് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഓഫീസിലാണ് അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. തുടര്‍ച്ചയായ 12-ാം തവണയാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടുന്നത്.  അതേസമയം പുതുപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ വൈകിട്ട് 5 മണിക്ക് പാമ്പാടിയില്‍ കെ പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം രമേശ് പിഷാരടി മുഖ്യാതിഥിയാകും.

1970ല്‍ ആയിരുന്നു ആദ്യ  ജയം. സെപ്റ്റംബര്‍ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കന്നിമത്സരം പുതുപ്പള്ളിയില്‍  അരങ്ങേറി. വാശിയേറിയ ത്രികോണ മത്സരത്തില്‍ മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള  സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജ് ആയിരുന്നു മുഖ്യഎതിരാളി.  7,288 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി വിജയിച്ചു.

1977 മാര്‍ച്ച് 19നു  നടന്ന നടന്ന തെരഞ്ഞെടുപ്പില്‍ പിസി ചെറിയാനെതിരേ 15,910 വോട്ടിനായിരുന്നു രണ്ടാം ജയം.  1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍ നിന്ന് മത്സരിച്ച് ഉമ്മന്‍ ചാണ്ടി 13,659 വോട്ടിനു മൂന്നാം ജയം. എംആര്‍ജി പണിക്കരായിരന്നു എതിര്‍ സ്ഥാനാര്‍ത്ഥി.  നാലാം ജയം 1982ല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി തോമസ് രാജനായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി  15,983 വോട്ടിനു ജയിച്ചു.

അഞ്ചാംജയം 1987ല്‍.  സിപിഎമ്മിലെ വിഎന്‍ വാസവനെതിരെ  9,164 വോട്ടിനു ജയിച്ചു. ആറാം ജയം 91ൽ സിപിഎമ്മിലെ വി.എന്‍ വാസവന്‍ രണ്ടാം തവണയും ഏറ്റുമുട്ടി.  13,811 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയം. ഏഴാം ജയം 96ൽ . സിപിഎമ്മിലെ റെജി സഖറിയക്കെതിരെ 10,155 വോട്ടിനു ഉമ്മന്‍ ചാണ്ടി  ജയിച്ചു.

എട്ടാം ജയം  2001 മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍  ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെതിരെ  12,575 വോട്ടിനായിരുന്നു ജയം. ഒന്‍പതാം ജയം 2006ൽ . സിപിഎമ്മിലെ സിന്ധു  ജോയിയായിരുന്നു മുഖ്യഎതിരാളി. ഉമ്മന്‍ ചാണ്ടി 19,863 വോട്ടിനാണ് ജയിച്ചത്. പത്താം ജയം 2011 ൽ.  സിപിഎമ്മിലെ സുജ സൂസന്‍ ജോര്‍ജായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 33,255 എന്ന പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയത്.  11-ാം ജയം 2016 ൽ . എസ് എഫ് ഐ നേതാവ് ജയ്ക്ക് സി.തോമസായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 27,092 വോട്ടിനു ജയിച്ചു.  നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയാണ്‌ ഉമ്മന്‍ ചാണ്ടി 12ആം അങ്കത്തിന് ഇറങ്ങുന്നത്.