ഇനി വിശ്രമം… ആള്‍ക്കൂട്ടത്തെ തനിച്ചാക്കി കുഞ്ഞൂഞ്ഞ് മടങ്ങി: ജനനായകന് ഇതിഹാസതുല്യ യാത്രയയപ്പ്; കണ്ണീരണിഞ്ഞ് കേരളം

 

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്  ജനലക്ഷങ്ങളുടെ കണ്ണീർ പ്രണാമത്തോടെ യാത്രാമൊഴി. ജനക്കൂട്ടത്തിന്‍റെ നായകന് നല്‍കിയ ഇതിഹാസതുല്യമായ യാത്രയയപ്പിനാണ് കേരളം സാക്ഷ്യം വഹിച്ചത്. എന്നും തന്‍റെ ആശ്രയമായിരുന്ന പുതുപ്പള്ളി പള്ളിയിലെ പ്രത്യേക കബറിടത്തില്‍ ജനങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് ഇനി  അന്ത്യവിശ്രമം. ഇന്നുവരെ കേരളം കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ യാത്രയയപ്പാണ് തങ്ങളുടെ ആശ്രയമായിരുന്ന നേതാവിന് ജനം നല്‍കിയത്. അവസാനമായി ഒരുനോക്കു കാണാനായി ആള്‍ക്കടല്‍ ഒഴുകിയെത്തിയതോടെ സംസ്കാര ശുശ്രൂഷ നിശ്ചയിച്ചതിലും ഏറെ വൈകിയാണ് നടന്നത്.

കർണ്ണാടകയിലും കേരളത്തിലുമായി മൂന്നു ദിവസം നീണ്ടുനിന്ന പൊതുദർശനത്തിന് ശേഷമാണ് പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഭൗതികദേഹം സംസ്കരിച്ചത്. വിലാപഗാനത്തിന്‍റെ അകമ്പടിയോടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ പുതുപ്പള്ളി പള്ളിയിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനായി ജനസാഗരം ആർത്തലച്ചു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ എത്തിയിരുന്ന പുതുപ്പള്ളി പള്ളിയിലേക്കുള്ള ഉമ്മൻ ചാണ്ടിയുടെ അവസാന യാത്രയിൽ ജനലക്ഷങ്ങള്‍ അനുഗമിച്ചു. അന്തിമോപചാരം അർപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും പുതുപ്പള്ളി പള്ളിയില്‍ എത്തി. കോട്ടയം തിരുനക്കര മൈതാനിയിലും തുടർന്ന് തറവാട്ടു വീട്ടിലും നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിലും പൊതുദർശനവും പ്രാർത്ഥനയും കഴിഞ്ഞശേഷമാണ് പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിച്ചത്. പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍ ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചരമ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സഭയിലെ പത്തോളം ബിഷപ്പുമാരും ആയിരത്തോളം വൈദികരും അസംഖ്യം കൈക്കാരും ജനലക്ഷങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. രാത്രി 10.30ന് അന്തിമ ശുശ്രൂഷകൾക്കു തുടക്കം കുറിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ റീത്ത് വെച്ച് പ്രാർത്ഥന ചൊല്ലി. 40 മിനിറ്റോളം നീണ്ട ചടങ്ങുകൾക്കൊടുവില്‍ 11:30 കഴിഞ്ഞ് മൃതദേഹം കുഴിമാടത്തിലേക്കെടുത്തു. കൃത്യം 12 മണിക്ക് ചടങ്ങുകൾ പൂർത്തിയായി.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിൽ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം പതിനായിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. എ.കെ ആന്‍റണി, രാഹുൽ ​ഗാന്ധി, കെ. സുധാകരൻ എംപി, കെ.സി വേണു ​ഗോപാൽ എംപി, വി.ഡി സതീശൻ, രമേശ് ചെന്നിത്തല, എം.എം ഹസൻ, കൊ‌ടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്‍റോ ആന്‍റണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, കെ.സി ജോസഫ്, പി.സി വിഷ്ണുനാഥ് തുടങ്ങി നൂറുകണക്കിനു നേതാക്കളും അന്ത്യശുശ്രൂഷകൾക്ക് സാക്ഷ്യം വഹിച്ചു. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയായിരുന്നു സംസ്‌കാരം. ജനങ്ങളുടെ കലവറയില്ലാത്ത സ്നേഹവായ്പ് ഏറ്റുവാങ്ങി രാഷ്ട്രീയത്തിലെ അതികായന്‍ മടങ്ങുമ്പോള്‍ നികത്താനാവാത്ത ശൂന്യതയാണ് ബാക്കിയാവുന്നത്.

Comments (0)
Add Comment