ആളും ആരവവും ആവേശമാക്കിയ നേതാവ്; ജനനായകന്‍ വിട പറയുമ്പോള്‍…

Jaihind Webdesk
Tuesday, July 18, 2023

 

 

എന്നും ജനങ്ങളുടെ ഇടയില്‍ ജീവിച്ച ജനപ്രിയ നേതാവ് ഉമ്മന്‍ ചാണ്ടി വിടവാങ്ങുമ്പോള്‍ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്ന നേട്ടങ്ങളും ഏറെയാണ്. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്ന ഉമ്മൻ ചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്‍റെ റെക്കോർഡ്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രി പദം അലങ്കരിച്ചു. രോഗബാധിതനാകുന്നതുവരെ വിശ്രമം എന്തെന്നറിയാതെ കർമ്മരംഗത്ത് സജീവമായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ആവേശവും ആത്മവിശ്വാസവും.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ജനനം.  കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടി ജനിച്ചത്. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്‍റ് ആയിട്ടാണ് തുടക്കം. 1962 ൽ കെഎസ്‌യു കോട്ടയം ജില്ലാ സെക്രട്ടറിയായി. 65 ൽ സംസ്ഥാന ജനറൽ സെക്രട്ടറിയും 67 ൽ സംസ്ഥാന പ്രസിഡന്‍റുമായി. 69 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യുവിന്‍റെ പ്രസിദ്ധമായ ഒരണ സമരകാലത്ത് സമരങ്ങൾക്കു നേതൃത്വം നൽകി.

 

1970 സെപ്റ്റംബര്‍ 17 ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന ഇ.എം ജോര്‍ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പുതുപ്പള്ളിയില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീടങ്ങോട് തോല്‍‍വി അറിയാത്ത മുന്നേറ്റങ്ങളുടെ കാലം. പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹം പുതുപ്പള്ളിയെയും നെഞ്ചോടുചേർത്തു.  1977 ൽ ആദ്യ കരുണാകൻ മന്ത്രിസഭയിൽ തൊഴിൽ മന്ത്രിയായി. 82 ൽ ആഭ്യന്തരമന്ത്രിയും 91 ൽ ധനമന്ത്രിയുമായി. 1982 മുതൽ 86 വരെയും 2001 മുതൽ 2004 വരെയും യുഡിഎഫ് കൺവീനറായിരുന്നു. 2004 ൽ എ.കെ ആന്‍റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ആദ്യമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി 2011 ൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവുമായിരുന്നു.

എന്നും ജനങ്ങള്‍ക്കിടയില്‍ കഴിയാന്‍ ഇഷ്ടപ്പെട്ട ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടി സമാനതകളില്ലാത്ത അധ്യായമായി. രാഷ്ട്രീയവിദ്യാർത്ഥികള്‍ക്ക് പഠിക്കാന്‍ ഏറെയുണ്ട് ഈ ജനകീയ നേതാവില്‍ നിന്ന്. ജനസമ്പർക്ക പരിപാടിക്കുള്ള അംഗീകാരമായി യുഎന്നിന്‍റെ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. കേരളത്തിന്‍റെ മുഖച്ഛായ മാറ്റിയ വികസനപദ്ധതികളില്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യൊപ്പുണ്ട്. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളില്‍ വ്യക്തിമുദ്ര പതിക്കാന്‍ അദ്ദേഹത്തിനായി. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.