ലക്ഷദ്വീപിലെ നടപടികള്‍ പിന്‍വലിക്കണം ; സമാധാനം പുനഃസ്ഥാപിക്കണം : ഉമ്മന്‍ ചാണ്ടി

Jaihind Webdesk
Tuesday, May 25, 2021

തിരുവനന്തപുരം : ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ശാന്തസുന്ദരമായ ലക്ഷദ്വീപ് നീറിപ്പുകയുകയാണെന്നും ഇവ അടിയന്തരമായി പിന്‍വലിച്ച് അവിടെ സമാധാനം പുനഃസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം ഉമ്മന്‍ ചാണ്ടി.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കു പകരം ഗുജറാത്തില്‍ മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനെ രാഷ്ട്രീയതാത്പര്യങ്ങള്‍ പരിഗണിച്ച് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചതിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് പ്രക്ഷുബ്ധമായത്. കുറ്റകൃത്യങ്ങള്‍ തീരെ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് ഏര്‍പ്പെടുത്തുക, എന്‍ആര്‍സി, സിഎഎ വിരുദ്ധ സമരങ്ങളില്‍ പങ്കെടുത്തവരെ ജയിലിലടയ്ക്കുക തുടങ്ങിയ നടപടികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. ക്വാറന്റൈന്‍ രീതികളില്‍ മാറ്റം വരുത്തിയതോടെ കൊറോണയും വ്യാപിക്കുകയാണ്.സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുക, മദ്യനിരോധനം എടുത്തുകളയുക തുടങ്ങിയ നടപടികളിലൂടെ ഒരുതരം സാമൂഹിക, സാംസ്‌കാരിക അധിനിവേശമാണ് നടപ്പാക്കുന്നത്.

ദീപില്‍ നിന്നുള്ള ചരക്കുനീക്കങ്ങള്‍ക്ക് ഷെഡ്യൂള്‍ ചെയ്യപ്പെട്ട തുറമുഖങ്ങളുടെ പട്ടികയില്‍ നിന്നു ബേപ്പൂരിനെ നീക്കിയതു കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.