യോഗ്യതയുള്ളവർക്ക് തൊഴിലില്ല, പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതി; സർക്കാരിന്‍റേത് അപകടകരമായ തീക്കളിയെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, August 4, 2020

 

തിരുവനന്തപുരം: യോഗ്യതയുള്ളവരെ തഴഞ്ഞ് സർക്കാർ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ ലക്ഷക്കണക്കിന് യുവാക്കൾ അസ്വസ്ഥരെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറുപ്പക്കാർക്ക് സർക്കാർ ആശ്വാസം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  ലിസ്റ്റിന്‍റെ കാലാവധിയാണ് ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ യുഡിഎഫ് സർക്കാർ കാലാവധി  പരമാവധി നീട്ടി നൽകി. ഇന്ന് റദ്ദ് ചെയ്ത ലിസ്റ്റുകള്‍ക്ക് പോലും പകരം ലിസ്റ്റില്ല. പകരം പിന്‍വാതിലിലൂടെ നിയമിച്ചവരേയും ദിവസവേതനക്കാരേയും സ്ഥിരപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അർഹതയുള്ളവർക്ക് ജോലി കിട്ടും എന്ന ഉറപ്പ് നൽകുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. അപകടകരമായ തീക്കളിയാണ് സർക്കാർ നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചു.

കേരളത്തില്‍ ആർക്കും എന്തും ആകാമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. യു ഡിഎഫിന്‍റെ കാലത്തായിരുന്നു കൺസൾട്ടൻസി കൂടുതൽ എന്നാണ് നിയമമന്ത്രിയുടെ പ്രസ്താവന. യുഡിഎഫിന്‍റെ കാലത്ത് വഴിവിട്ട് ഏതെങ്കിലും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിരുന്നെങ്കില്‍ അന്ന് പ്രതിപക്ഷത്തിരുന്നവർ എന്തുകൊണ്ടാണ് ആക്ഷേപം ഉന്നയിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. കണ്‍സള്‍ട്ടസികളിലെ തട്ടിപ്പുകള്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചവർക്ക് ഇന്ന് യാഥാർത്ഥ്യങ്ങള്‍ അംഗീകരിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.