ഇടുക്കി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇടുക്കിയിൽ വൻസ്വീകരണം. ഇടുക്കി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.ഫ്രാൻസിസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തങ്കമണിയിലാണ് ഉമ്മൻ ചാണ്ടി എത്തിയത്. സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ട്രാക്ടറിലായിരുന്നു അദ്ദേഹം സമ്മേളന നഗരിയിൽ വന്നിറങ്ങിയത്.
വേദിയിലെത്തിയ ഉമ്മൻ ചാണ്ടി പ്രളയത്തിൽ ഭൂമിയും കൃഷിയും നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മുരിക്കാശേരിയിലെ കർഷകൻ ഓലിക്കത്തൊട്ടി ദേവസ്യയുടെ സങ്കടകഥ കേട്ടു. യു.ഡി.എഫ് അധികാരത്തിലെത്തുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനാവുമെന്നും ഇടുക്കിയിലെ ജനങ്ങളെ എന്തിന് കോടികളുടെ പേരുപറഞ്ഞ് വഞ്ചിക്കുന്നു എന്നും സമ്മേളനം ഉത്ഘാടനം ചെയ്ത് അദ്ദേഹം ചോദിച്ചു.
യോഗത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് പ്രൊഫ: എം.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്‍റെ വിജയം നാടിന്‍റെ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ്ജ് പറഞ്ഞു. എം. പി ഡീൻ കുര്യാക്കോസ്, ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ കെപിസിസി ഭാരവാഹികളായ അഡ്വ ജോയി തോമസ്, എ.പി. ഉസ്മാൻ തുടങ്ങി നിരവധി പേർ യോഗത്തിൽ സംസാരിച്ചു. ലോക വന ദിനത്തിന്‍റെ ഭാഗമായി കർഷകന് ഫലവൃക്ഷത്തകളും ഉമ്മൻ ചാണ്ടി കൈമാറി.