രാജമല ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഉമ്മന്‍ ചാണ്ടി ; പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നല്‍കണം

Jaihind News Bureau
Friday, August 7, 2020

 

രാജമല ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മരണമടഞ്ഞവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ ചെലവും നല്‍കുമെന്ന സര്‍ക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

തേയിലത്തോട്ടങ്ങളില്‍ പണി എടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കുണ്ടായ ദുരന്തത്തില്‍ ഉമ്മന്‍ ചാണ്ടി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കേരളം മുഴുവന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാവിധ സഹായവും അടിയന്തരമായി ലഭ്യമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കേരളത്തിന്‍റെ മറ്റ് പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടയില്‍ ഉണ്ടായ ഈ ദുരന്തം വലിയ ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്. പ്രതികൂലമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അദ്ദേഹം അഭിനന്ദിച്ചു. ദുരിതമനുഭവിക്കുന്ന എല്ലാ സ്ഥലങ്ങളിലും പരമാവധി സഹായം എത്തിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു.