ജനഹൃദയങ്ങളില്‍ ജീവിച്ച കരുത്തനായ നേതാവ്; മലപ്പുറം ഡിസിസിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Jaihind Webdesk
Wednesday, July 26, 2023

 

മലപ്പുറം: രാജ്യത്തെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും യുഡിഎഫിനും എന്നും കരുത്തായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി അനുസ്മരിച്ചു. ജനഹൃദയങ്ങളില്‍ ജീവിച്ച മനുഷ്യ സ്‌നേഹിയായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് ഡിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സാധാരണക്കാരുടെ കൂടെയായിരുന്നു ഉമ്മൻ ചാണ്ടി. ഭരണാധികാരിയായപ്പോള്‍ കേരളം മുമ്പ് കണ്ടിട്ടില്ലാത്ത വിധം വികസന വിപ്ലവം തീര്‍ത്തു. ജനസമ്പര്‍ക്ക പരിപാടിയിലൂടെ ആയിരങ്ങളുടെ കണ്ണീരൊപ്പി. അദ്ദേഹം കാണിച്ച വഴിയിലൂടെ സഞ്ചരിക്കുക എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തിന് തിരിച്ചുകൊടുക്കാനുള്ളതെന്നും അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി പറഞ്ഞു.

സ്വന്തമായിരുന്ന എന്തോ നഷ്ടപ്പെട്ട പോലെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ചതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഗാന്ധി ആശയങ്ങള്‍ അന്വർത്ഥമാക്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും തങ്ങള്‍ അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരളത്തില്‍ വലിയ ശൂന്യത അനുഭവപ്പെടുകയാണെന്നും ഓരോ മലയാളിക്കും നികത്താന്‍ കഴിയാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ കാണിച്ച സ്‌നേഹത്തിന് ഇനിയുള്ള ജീവിതമാണ് പകരം തരാനുള്ളതെന്ന്‌ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഡിഡിസി പ്രസിഡന്‍റ് വി.എസ് ജോയ് അധ്യക്ഷത വഹിച്ചു. എം.വി ശ്രേയാംസ്‌കുമാര്‍, എ.പി അനില്‍കുമാര്‍ എംഎല്‍എ എന്നിവരും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു.