പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് മടങ്ങിയെത്തി; 50 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി 100 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ !

Jaihind News Bureau
Sunday, June 21, 2020

പുതുപ്പള്ളിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ആത്മബന്ധം അറിയാത്തവരില്ല. ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ എത്തിയിരിക്കും. എന്നാല്‍ കൊറോണയും ലോക്‌ഡൗണും ആ പതിവ് തെറ്റിച്ചു. ഒന്നും രണ്ടുമല്ല 100 ദിവസമാണ് കൊറോണ ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്നും അകറ്റി നിര്‍ത്തിയത്. ഉമ്മന്‍ ചാണ്ടിയുടെ പാര്‍ലമെന്‍ററി ജീവിതത്തിന്‍റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനൊരു മാറ്റം.

തിരുവന്തപുരത്തു കുടുങ്ങിപ്പോയ ഉമ്മൻചാണ്ടി കഴിഞ്ഞ നാലുമാസത്തിനിടെ ആദ്യമായി പുതുപ്പള്ളിയിലെത്തി. കോരിച്ചൊരിഞ്ഞ മഴയിലും ആവേശക്കുടചൂടി കാത്തുനിന്ന പ്രവർത്തകരുടെയിടയിലേക്കാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞെത്തിയത്.

പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ ചാണ്ടി നേരേ പോയത് ജീവിതത്തിലെ എല്ലാ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളിലും തനിക്ക് ആശ്രയമായിരുന്ന പുതുപ്പള്ളി വലിയ പള്ളിയിലേയ്ക്കായിരുന്നു. അള്‍ത്താരയ്ക്കു മുമ്പില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം കൈകൂപ്പി നിന്ന ഉമ്മന്‍ ചാണ്ടി അതിനുശേഷം പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞായി അവർക്കിടയിലേക്കിറങ്ങി.

തുടർന്ന് പുതുപ്പള്ളി പാറയ്ക്കൽക്കടവില്‍, താൻ മുഖ്യമന്ത്രിയായിരിക്കെ വിത്തിട്ട ടൂറിസം പദ്‌ധതിക്ക്‌ ഒരു ചെടി നട്ട്‌ പുതുജീവൻ പകരാനായി എത്തി. കഴിഞ്ഞ യു.ഡി.എഫ്‌. സർക്കാരിന്‍റെ കാലത്ത്‌ 40 ലക്ഷം രൂപ വിനിയോഗിച്ച് തുടക്കം കുറിച്ച പദ്ധതി പ 2018-ലെ വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നു. ടൂറിസം വികസന സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോൾ കടവിനെ പച്ചപിടിക്കാൻ ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ, പുതുപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ നിബു ജോൺ, വികസന സമിതി ചെയർമാൻ സിബി ജോൺ കൈതയിൽ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പുതുപ്പള്ളി പള്ളി യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ വീരമൃത്യു വരിച്ച സൈനികർക്ക് ആദരവ് അർപ്പിച്ച ചടങ്ങിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു.

ഇത്രയും ദിവസം പുതുപ്പള്ളിയിലെത്താതെ മാറി നിന്നു എന്നത് മാത്രമല്ല പുതുപ്പള്ളിക്കാരുടെ മരണം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിട്ടും അവിടെ എത്താന്‍ കഴിയാതെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് അടങ്ങിയിരുന്നു എന്നത് അതിശയകരമാണെന്നും ‘പുതുപ്പള്ളിയില്‍ പോകാതെ ഉമ്മന്‍ ചാണ്ടിക്ക് തിരുവനന്തപുരത്തിരിക്കാമെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് വീട്ടിലിരുന്നുകൂടാ’ എന്നൊരു പ്രയോഗം പോലും നാട്ടില്‍ പ്രചരിച്ചിരുന്നു.

ആള്‍ക്കൂട്ടം എത്തുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം എത്തിയ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ തിരക്കിന് കുറവൊന്നും ഉണ്ടായില്ല. എന്നാല്‍ കൂടുതല്‍ ആളുകള്‍ കൂടാതിരിക്കാനുള്ള നിര്‍ദ്ദേശം സ്നേഹപൂർവം നല്‍കാനും അദ്ദേഹം മറന്നില്ല. തിങ്കളാഴ്ച തന്നെ തലസ്ഥാനത്തെ പതിവ് തിരക്കുകളിലേയ്ക്ക് അദ്ദേഹം തിരിച്ചെത്തും.