കേരളത്തിൽ നിന്നും ഫോൺ പോലും കയ്യിൽ കരുതാതെ ഡൽഹിയിൽ എത്തുന്ന ഉമ്മൻചാണ്ടി; കേരള ഹൗസിലെ 204 ആം നമ്പർ മുറിയും, ഓര്‍മ്മകളും..

Jaihind Webdesk
Wednesday, July 19, 2023


ന്യൂ ഡൽഹി
: ആ ഒരു ശീലം ഉമ്മൻചാണ്ടിക്ക് പണ്ടേ ഇല്ല. ഡൽഹിയിലെ യോഗങ്ങൾക്കും മറ്റും കേരളത്തിൽ നിന്നും വിമാനം കയറിയാൽ അദ്ദേഹത്തിനറിയാം വിമാനത്താവളത്തിൽ വണ്ടിയുമായി ആരെങ്കിലും ഉണ്ടാകുമെന്ന്. അവരെ മുൻകൂട്ടി വിളിച്ച് ഉറപ്പിക്കാറില്ല ഒന്നും. അതിനുവേണ്ടി ഒരു ഫോൺ അദ്ദേഹം കൊണ്ടു നടക്കാറുമില്ല. കേരള ഹൗസിൽ എത്തിയാൽ സഹായത്തിന് എപ്പോഴും കേരള ഹൗസ് ജീവനക്കാരൻ ജയേഷ് കൂടെ ഉണ്ട്. മറ്റു ജീവനക്കാരും അവരുടെ മുൻ മുഖ്യനെ കണ്ടാൽ ഓടിയെത്തും. സംസാരങ്ങളെല്ലാം മറ്റുള്ളവരുടെ മൊബൈലിൽ നിന്നുമാണ്. ഉമ്മൻചാണ്ടി ഡൽഹിയിൽ ആണെന്നറിഞ്ഞാൽ നേതാക്കന്മാർ ബന്ധപ്പെടുന്നതും കേരള ഹൗസ് ജീവനക്കാരുടെ മൊബൈൽ നമ്പറിലേക്കാണ്. അല്ലെങ്കിൽ ലാൻഡ് ഫോൺ നമ്പറിലേക്ക്.

കേരള ഹൗസിലെ 204 ആം നമ്പർ മുറിയാണ് ഏറ്റവും പ്രിയം. വർഷങ്ങളായി ഡൽഹിയിൽ വന്നു പോകുമ്പോൾ താമസിക്കുന്ന ഇഷ്ടമുറിയാണ് 204. ആരു കയറിവന്നാലും ആ മുറി അദ്ദേഹം തുറന്നിടാറാണ് പതിവ്. നാട്ടിലെ ശീലം ഡൽഹിയിലും അതുപോലെ തുടർന്ന നേതാവാണ് ഉമ്മൻ ചാണ്ടി. പരിഭവങ്ങളും നിവേദനങ്ങളും വിഷമങ്ങളുമായി കാണാൻ എത്തുന്നവർ ഒരുപാടായിരുന്നു. കേരള ഹൗസിലെ ഭക്ഷണത്തിൽ കഞ്ഞിയാണ് കൂടുതൽ താല്പര്യം.കൊടും ശൈത്യത്തിൽ ഡൽഹിയിൽ എത്തിയാൽ പോലും വേഷത്തിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ഉടുപ്പിന് മുകളിൽ ഒരു ഷാളോ അല്ലെങ്കിൽ ഒരു നേർത്ത സ്വെറ്റർ. ഡൽഹിയിലെ മാധ്യമപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മൻചാണ്ടി. ഡൽഹി കേരള ഹൗസിൽ എത്തിയാൽ തന്നെ പൊതിയുന്ന മാധ്യമപ്രവർത്തകരെ കാണാതെ അവരോടു മിണ്ടാതെ അവർക്ക് മറുപടി നൽകാതെ അദ്ദേഹം മാറി നടന്നിട്ടില്ല. എന്തിനും ചിരിച്ച്, ലാളിത്യത്തോടെ മറുപടി നൽകി പോകാറാണ് പതിവ്.

ഡൽഹിയിൽ നിന്നും തിരികെ കേരളത്തിലേക്ക് മടങ്ങുമ്പോഴും കാര്യങ്ങൾ ഇതുപോലെ തന്നെ. ആരെങ്കിലും നാട്ടിലുള്ള സ്റ്റാഫായ ശ്രീകുമാറിനോ അല്ലെങ്കിൽ മറ്റാർക്കെങ്കിലും ടിക്കറ്റ് വിവരങ്ങൾ കൈമാറും. തിരികെ കേരളത്തിൽ വിമാനം ഇറങ്ങുമ്പോൾ അവിടെയും തന്നെ കാത്ത് ആരെങ്കിലും ഉണ്ടാകുമെന്ന് അദ്ദേഹത്തിനറിയാം. 10 നിമിഷം മൊബൈൽ ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത നമുക്ക് മൊബൈൽ ഫോണെ ഇല്ലാതെ ജീവിക്കാൻ പഠിപ്പിച്ച നേതാവ് കൂടെയാണ് ഉമ്മൻചാണ്ടി..