ദേവിക കുഞ്ഞൂഞ്ഞിനെ വിളിച്ചു; മണിക്കൂറുകൾക്കകം ഫോണുമായി ഡേവിഡെത്തി

Jaihind Webdesk
Saturday, July 31, 2021

 

തൃശൂർ : സുഹൃത്ത് നൽകിയ നമ്പരിൽ തെല്ല് ഭയത്തോടെയായിരുന്നു ദേവിക വിളിച്ചത്. അപ്പുറത്ത് പതിഞ്ഞ താളത്തിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശബ്ദം കേട്ടപ്പോൾ നെഞ്ചിടിപ്പ് കൂടി. ഒറ്റ ശ്വാസത്തിൽ ദേവിക കാര്യം പറഞ്ഞവസാനിപ്പിച്ചപ്പോൾ ഭയവും ആശങ്കയും കലർന്നത് തിരിച്ചറിഞ്ഞ കുഞ്ഞൂഞ്ഞ് കാര്യങ്ങളെല്ലാം തിരക്കി. ആശ്വസിപ്പിച്ചു. വിലാസം വാങ്ങി വിളിച്ചാൽ കിട്ടാനുള്ള ഒരു നമ്പരും അവിടെ മോൾക്ക് പഠിക്കാൻ സൗകര്യമെത്തുമെന്ന് ഉറപ്പും. മണിക്കൂറുകൾക്കകം സ്മാർട്ടുഫോണുമായി കെ.എസ്.യു ജില്ലാ സെക്രട്ടറി വി.എസ് ഡേവിഡ് ദേവിക നൽകിയ നമ്പരിൽ വീളിച്ച് വീട്ടിലെത്തി.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ചിയ്യാരം സെന്‍റ് മേരീസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ദേവിക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചത്. പഠിക്കാൻ സൗകര്യമില്ലെന്നും ഫോണോ ടിവിയോ ലഭിക്കുമോയെന്നായിരുന്നു ചോദ്യം. കൂട്ടുകാരിൽ നിന്നും ലഭിച്ചതായിരുന്നു നമ്പർ. വിളിക്കുമ്പോൾ ആകെ ഭയമായിരുന്നു. ഇതായിരുന്നു ഉമ്മൻ ചാണ്ടിയോട് സംസാരിക്കുമ്പോഴുണ്ടായ വിറയൽ. അത് അറിഞ്ഞായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആശ്വസിപ്പിക്കലും. പെയിന്‍റിംഗ് തൊഴിലാളിയായ ബിജുവിന്‍റെ രണ്ടാമത്തെ മകളാണ് ദേവിക. മൂത്ത മകൾ നന്ദന പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ്.

 

 

കൊവിഡും ലോക്ക് ഡൗണുമായതോടെ പണിയില്ലാതായതോടെ അരപ്പട്ടിണിയിലാണ് ജീവിതം. എന്തെങ്കിലുമൊക്കെ പണിവരുമെന്നും വരുമാനമുണ്ടാവുമെന്നും കരുതി കാത്തിരിക്കുകയായിരുന്നു. ഒടുവിലാണ് ഉമ്മൻചാണ്ടിയെ വിളിച്ചത്. വിലാസവും വിളിച്ചാൽ കിട്ടുന്ന നമ്പരുമുൾപ്പെടെ വാങ്ങിയ ഉമ്മൻചാണ്ടി തൃശൂരിൽ ഡേവിഡിനെ വിളിച്ച് ഉടൻ തന്നെ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ നിർദേശിച്ചു. സ്മാർട് ട്ഫോണുമായി ഡേവിഡ് ദേവികയുടെ വീട്ടിലെത്തി കൈമാറി. ആവശ്യമായ സൗകര്യങ്ങൾ ചെയ്തുനൽകുമെന്ന് ഡേവിഡ് അറിയിച്ചു.

ഈ അധ്യയനകാലം ആരംഭിച്ച് പതിനഞ്ചോളം പേർക്കാണ് ഡേവിഡ് സ്മാർട്ട് ഫോണും ടിവിയുമെത്തിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സന്ദീപ് സഹദേവൻ, വിൽവട്ടം മണ്ഡലം സെക്രട്ടറി ജയേഷ് പി, യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ സെക്രട്ടറി ഷാജു ഫ്രാൻസിസ് എന്നിവരും കൂടെയുണ്ടായിരുന്നു.