ശിഹാബ് തങ്ങളുടെ നിലപാടുകള്‍ കേരളത്തിന് മാര്‍ഗദീപം : ഉമ്മന്‍ ചാണ്ടി

Sunday, March 6, 2022

സമുദായ നേതാവായും പാര്‍ട്ടി അധ്യക്ഷനായും പ്രവര്‍ത്തിക്കുമ്പോഴും പൊതുസമൂഹത്തിന്‍റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ മാതൃക കേരളത്തിന് മാര്‍ഗദീപമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാണക്കാട് കുടുംബത്തില്‍ നിന്ന് പൈതൃകമായി ലഭിച്ച മഹത്തായ മൂല്യങ്ങള്‍ ഹൈദരലി ശിഹാബ് തങ്ങളും ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

എല്ലാവരേയും ചേര്‍ത്തുപിടിച്ചതോടൊപ്പം ദേശീയതാത്പര്യങ്ങളും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത സൗഹാര്‍ദ്ദം സംരക്ഷിക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച സൗമ്യനായ നേതാവാണ് അദ്ദേഹം. നാട്യങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഇടയില്‍ പ്രവര്‍ത്തിച്ചു അദ്ദേഹം യുഡിഎഫിന്റെ ശക്തിസ്രോതസും മാര്‍ഗദര്‍ശിയുമായിരുന്നു.

വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അതീവതാത്പര്യം കാട്ടിയ അദ്ദേഹം തനിക്ക് സഹോദര തുല്യനായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.