തന്ത്രിക്കെതിരായ കോടതിയലക്ഷ്യം സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല; 22ന് വാദം കേള്‍ക്കും

Jaihind Webdesk
Thursday, January 3, 2019

ന്യുദല്‍ഹി: ശബരിമലയില്‍ യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയത് കോടതി അലക്ഷ്യമാണെന്നു കാട്ടിയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. 22ന് വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു. എ.വി.വര്‍ഷയാണ് ഹര്‍ജി നല്‍കിയത്. യുവതീപ്രവേശം തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അടക്കമുള്ളവര്‍ക്കെതിരെ ഇതേ അഭിഭാഷകര്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം ആവശ്യപ്പെടുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന് ആശയക്കുഴപ്പം. വിശദീകരണം തേടുമെന്നു ദേവസ്വം കമ്മിഷണറും അതു സംബന്ധിച്ച് തീരുമാനമെടുമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി. തന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു പറഞ്ഞു.

അതേസമയം അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചു. 5-ാം തീയതി ബോര്‍ഡ് യോഗം കൂടി തീരുമാനമെടുത്തതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകൂ എന്നും പത്മകുമാര്‍ പറഞ്ഞു.