യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ മാത്രം; ഇടത് നേതാക്കളുടെ അസാന്നിധ്യത്തില്‍ ദുരൂഹത

Tuesday, June 28, 2022

തിരുവനന്തപുരം: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ കേരളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഭരണപക്ഷത്ത് നിന്ന് ആരും എത്താത്തതില്‍ ദുരൂഹത. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ മാത്രമാണ് രാഷ്ട്രപതിയെ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഭരണപക്ഷത്തുനിന്ന് സര്‍ക്കാരിന്‍റെ പ്രതിനിധിയായി ഒരാള്‍ പോലും എത്തിയില്ല.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകകണ്ഠമായി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയാണ് യശ്വന്ത് സിന്‍ഹ. വാജ്‌പേയി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന യശ്വന്ത് സിൻഹ പിന്നീട് ബിജെപിയുടെ കടുത്ത വിമർശകനായി മാറി. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പണം. സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി, ശരദ് പവാര്‍, അഖിലേഷ് യാദവ്, ഡി രാജ തുടങ്ങിയവരെല്ലാം പത്രികാസമര്‍പ്പണത്തിനെത്തിയിരുന്നു. അതേസമയം യശ്വന്ത് സിന്‍ഹ കേരളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഭരണപക്ഷത്തിന്‍റെയോ സിപിഎമ്മിന്‍റെയോ പ്രതിനിധി എത്തിയില്ലെന്നത് ദുരൂഹമാണ്.