ഇവിടെ മോദിക്കെതിരെ രാഹുൽ ഗാന്ധിയുണ്ട്, മറ്റുള്ളവർക്ക് ഭയം: അരുന്ധതി റോയ്

Jaihind News Bureau
Sunday, June 7, 2020

 

രാജ്യത്ത് നരേന്ദ്ര മോദിയെ തുറന്നെതിര്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്ന് വിഖ്യാത എഴുത്തുകാരി അരുന്ധതി റോയ്. കൊവിഡ് മഹാമാരിയില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ പശ്ചാത്തലമൊരുക്കുകയാണെന്നും അവര്‍ പറഞ്ഞു. ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ , ചിന്തകന്‍ താരിഖ് അലി എന്നിവരോടൊപ്പം ‘കൊറോണ വൈറസ്, വാര്‍ ആന്‍ഡ് എംപയര്‍’ എന്ന വെബിനാറില്‍ സംവദിക്കുകയായിരുന്നു അരുന്ധതി റോയ്.

‘രാജ്യത്ത് കൂട്ടപ്പലായനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. സര്‍ക്കാര്‍ രണ്ട് കാര്യങ്ങളാണ് ചെയ്തത്. അവര്‍ ദേശീയ വിഭവങ്ങളെ സ്വകാര്യവത്കരിച്ചു, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി വിദ്യാഭ്യാസം അടക്കം എല്ലാറ്റിനെയും. ദളിതുകള്‍ പോലെ സമൂഹത്തിലെ താഴേക്കിടയില്‍ ഉള്ളവര്‍ ഇതില്‍ നിന്ന് പുറത്തായി. ഒരുപാട് ആളുകള്‍ക്ക് ഇപ്പോഴും ഇന്‍റര്‍നെറ്റ് ലഭ്യമല്ല’ – അവര്‍ ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിസന്ധിയേയും സാമ്പത്തിക ബുദ്ധിമുട്ടുകളേയും മറയ്ക്കാനായി സര്‍ക്കാര്‍ സാഹചര്യങ്ങളെ മാറ്റുകയാണ്. ഹിന്ദു ദേശീയ വാദികളെ വച്ച് മുസ്ലീം വിരുദ്ധ ആക്രോശങ്ങള്‍ നടത്തുന്നു. അവര്‍ വിദ്വേഷം വില്‍ക്കുകയാണ്. മാധ്യമങ്ങളിലൂടെയും ശക്തരായ മധ്യവര്‍ഗത്തിലൂടെയും മോദിക്ക് എന്തും വില്‍ക്കാന്‍ കഴിയും. കഷണ്ടിയുള്ള ഒരാള്‍ക്ക് ചീര്‍പ്പ് വില്‍ക്കാന്‍ പോലും മോദിക്കാകും. ബിസിനസുകാരിലും മാധ്യമങ്ങളിലും ഒരുതരം ഭയം നിലനില്‍ക്കുന്നുണ്ടെന്നും അരുന്ധതി റോയ്  പറഞ്ഞു.