എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം മാത്രം; സംഘത്തില്‍ കീഴുദ്യോഗസ്ഥരും, സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡിജിപിക്ക് അതൃപ്തി

Jaihind Webdesk
Tuesday, September 3, 2024

 

തിരുവനന്തപുരം: ആരോപണവിധേയനായ എഡിജിപി എം. ആർ.അജിത് കുമാറിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍. എഡിജിപി സ്ഥാനത്തുനിന്ന്  മാറ്റാതെയാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാർ ഉത്തരവിനെതിരെ  ഡിജിപിയ്ക്ക് കടുത്ത അതൃപ്തിയെന്നും റിപ്പോര്‍ട്ടുകള്‍. എഡിജിപിക്കെതിരായ അന്വേഷണത്തിന് താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട്. പതിനൊന്ന് മണിക്കൂർ നീണ്ട അന്തർനാടകങ്ങൾക്കൊടവിലാണ് മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിച്ച് വാർത്താ കുറിപ്പിറക്കിയത്.

ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ആരോപണ വിധേയനായ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും തൽസ്ഥാനത്ത് ഇരിക്കെയാണ് ഇവർക്ക് കീഴിലുള്ള ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തിന് അന്വേഷണ ചുമതല നൽകിയത്. ഈ അന്വേഷണം പ്രഹസനമാകുമെന്നതില്‍ ഒട്ടും സംശയമില്ല. മൊഴിയെടുപ്പും തെളിവെടുപ്പുമടക്കം പ്രതിസന്ധിയിലാകും. എം.ആർ അജിത് കുമാറിനെതിരെ പി.വി. അൻവർ ഉയർത്തിയത് ഫോൺ ചോർത്തൽ, കൊലപാതകം , സ്വർണ്ണക്കടത്ത് സംഘമായുള്ള ബന്ധം അടക്കം ഗുരുതര ആരോപണങ്ങളാണ്.

അതേസമയം എഡിജിപി അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട സംഘത്തിൽ ഡിജിപിക്ക് കടുത്ത അതൃപ്തിയെന്നും റിപ്പോർട്ട്. സംഘാംഗങ്ങളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഡിജിപി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ചിരുന്നില്ല. ഇതോടൊപ്പം അന്വേഷണസംഘത്തിലുള്ള നാലുപേരും അജിത് കുമാറിനെക്കാൾ റാങ്ക് കുറഞ്ഞവരാണെന്നതും അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.

കടുത്ത ആരോപണങ്ങൾക്കു പിന്നാലെയും എം.ആർ അജിത് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണ്. അജിതിനെ സ്ഥാനത്തുനിന്നു മാറ്റണമെന്ന ഡിജിപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ഇന്നലെ രാത്രി ചേർന്ന മുഖ്യമന്ത്രി-ഡിജിപി യോഗത്തിലാണു തീരുമാനം.

അജിത് കുമാറിനെ എഡിജിപി സ്ഥാനത്തുനിന്ന് നീക്കാതെ അന്വേഷണം സ്വതന്ത്രമാവില്ലെന്നായിരുന്നു ഡിജിപിയുടെ നിലപാട്. ഇക്കാര്യം യോഗത്തിൽ ഡിജിപി വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ എഡിജിപി സ്ഥാനത്തുനിന്ന് അജിത് കുമാറിനെ മാറ്റാതെയാണ് അന്വേഷണം നടക്കുന്നത്.

ഡിജിപി മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെയാണ് പി. ശശി ഉൾപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണ സംഘാംഗങ്ങളെ തീരുമാനിച്ചത്. ഡിഐജിക്കു പുറമെ ഐജി, ഡിഐജി, രണ്ട് എസ്പി മാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇതിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഐജി സ്പർജൻ കുമാർ, തൃശൂർ റെയ്ഞ്ച് ഡിഐജി തോംസൺ ജോസ്, ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ, ഇന്‍റലിജൻസ് എസ്പി എ. ഷാനവാസ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണസംഘം. ഇതിൽ സ്പർജൻ കുമാറും തോംസൺ ജോസും എം.ആർ. അജിത് കുമാറിന്‍റെ കീഴുദ്യോഗസ്ഥരാണ്. ഇവർ ദൈനംദിന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് എഡിജിപിക്കാണ്. ഇവർ ഉൾപ്പെട്ട അന്വേഷണം എത്രമാത്രം കാര്യക്ഷമമാകും എന്ന ആശങ്കയാണ് സംസ്ഥാന പോലീസ് മേധാവി ചൂണ്ടിക്കാട്ടുന്നത്.