സിനിമാ ആരാധകര്‍ മണിക്കുറുകള്‍ എണ്ണി കാത്തിരിക്കുന്ന എമ്പുരാന് നാളെ തിയറ്റുകളിലെത്തും. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ മാര്‍ച്ച് 27 ന് രാവിലെ 6 മണിക്കാണ് ആദ്യ പ്രദര്‍ശനം. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന് എത്തുന്നത്.
മുരളി ഗോപി തിരക്കഥയെഴുതി പ്രിത്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ‘എമ്പുരാന്’ നാളെ റിലീസിനൊരുങ്ങുകയാണ്. സിനിമാ പ്രേമികള്‍ക്ക് ആവേശമായിട്ടാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ‘എമ്പുരാന്’ അവതരിക്കുന്നത്. ഓരോ സ്ഥലങ്ങളിലെയും ടൈം സോണ്‍ അനുസരിച്ചാകും പ്രദര്‍ശന സമയം ക്രമീകരിക്കുക. മലയാളം,തമിഴ്, ഹിന്ദി,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്കരന്‍, ഗോകുലം ഗോപാലന് എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ റിലീസിനെത്തിക്കുന്നത്.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ ആദ്യ ആകര്‍ഷണം. ഒന്നാം ഭാഗമായ ലൂസിഫറിന്റെ വിജയവും നടന് എന്ന നിലയില്‍ നിന്നും പ്രഥ്വിരാജ് സുകുമാരന്റെ സംവിധായക വളര്‍ച്ചയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള സിനിമകള്‍ക്ക് സമകാലിക രാഷ്ട്രീയ പ്രസക്തി കൊണ്ടുവന്ന മുരളി ഗോപിയുടെ തിരകഥയും സിനിമ കാണാനുള്ള മറ്റ് ആകര്‍ഷണങ്ങളാണ്. ഏറെനാളത്തെ കാത്തിരിപ്പിനാണ് നാളെ വിരാമമിടുന്നത്.