
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മറ്റന്നാള്‍, അതായത് ഡിസംബര്‍ 9-ന്, നടക്കാനിരിക്കുകയാണ്. തെക്കന്‍, മധ്യ ജില്ലകളായ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലെ പരസ്യപ്രചാരണത്തിനാണ് ഇതോടെ തിരശ്ശീല വീണത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, മുന്നണികള്‍ വോട്ടുറപ്പിക്കാനായി നടത്തിയ ഓട്ടപ്പാച്ചിലിനും വര്‍ണ്ണാഭമായ കലാശക്കൊട്ടിനുമാണ് തലസ്ഥാനമടക്കമുള്ള പ്രദേശങ്ങള്‍ സാക്ഷ്യം വഹിച്ചത്. നാട്ടിലും നഗരങ്ങളിലും ആഹ്ലാദാരവങ്ങള്‍ ഉയര്‍ത്തിയ റോഡ് ഷോകളിലൂടെ മുന്നണികള്‍ തങ്ങളുടെ കരുത്ത് തെളിയിച്ചതിന് പിന്നാലെ, ഇനി ജനങ്ങള്‍ വിധിയെഴുത്തിനായി പോളിങ് ബൂത്തിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളം നിറഞ്ഞ യു.ഡി.എഫ്. ക്യാമ്പ് ഇക്കുറി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇടത് സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ദുര്‍ഭരണത്തിനെതിരെയുള്ള വിധി എഴുത്താകും തദ്ദേശ തിരഞ്ഞെടുപ്പിലും, തുടര്‍ന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അരങ്ങേറുക എന്നാണ് യു.ഡി.എഫ്. വിലയിരുത്തുന്നത്. വിവിധ മേഖലകളില്‍ ജനങ്ങളെ കൊള്ളയടിച്ച് അഴിമതി നടത്തിയ ഇടതു സര്‍ക്കാരിനെ ജനങ്ങള്‍ തോല്‍പ്പിക്കുമെന്ന ഉറച്ച വിശ്വാസമാണ് യു.ഡി.എഫ്. നേതാക്കളും അണികളും പങ്കുവെക്കുന്നത്. ഈ ശക്തമായ പ്രതീക്ഷയാണ് യു.ഡി.എഫ്. ക്യാമ്പിന്റെ ആത്മവിശ്വാസത്തിന് പിന്നിലെ പ്രധാന കാരണം.