പിണറായി ഭരണത്തില്‍ സർക്കാർ ജോലി ഇഷ്ടക്കാർക്കും പാർട്ടി ബന്ധുക്കള്‍ക്കും മാത്രം ; യോഗ്യതയുള്ളവർ പടിക്ക് പുറത്ത്

Jaihind News Bureau
Friday, February 5, 2021

 

ഇടതുസർക്കാർ ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാരേയും സി.പി.എം നേതാക്കളുടെ ബന്ധുക്കളെയും പുറംവാതിലിലൂടെ നിയമിച്ചതിന് ശേഷം ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ അവരെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ്. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്ക് നിയമനം നല്‍കണമെന്ന ആവശ്യം മുഖവിലയ്ക്കെടുക്കാതെ പാർട്ടി ബന്ധുക്കള്‍ക്കും വേണ്ടപ്പെട്ടവർക്കും സ്ഥിരനിയമനം നല്‍കി തൊഴില്‍ രഹിതരെ വെല്ലുവിളിക്കുകയാണ് പിണറായി സർക്കാർ. സർക്കാർ സ്ഥാപനങ്ങളില്‍ ജോലി വേണമെങ്കില്‍ നേതാക്കളുടെ ഭാര്യമാരോ ബന്ധുക്കളോ ഇഷ്ടക്കാരോ ആകണമെന്നതാണ് പിണറായി ഭരണത്തിലെ അവസ്ഥ. സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്ന നടപടി അഞ്ചു വര്‍ഷമായി നടന്നുവരുന്നു. മന്ത്രിമാരുടെ ബന്ധുക്കള്‍ മുതല്‍ സ്വപ്‌നാ സുരേഷ് വരെ. ഇനിയും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പതിനായിരക്കണക്കിന് തൊഴില്‍രഹിതര്‍ക്ക് തിരിച്ചടിയാകും. നിയമനം നടത്തിയവരുടെ പട്ടിക പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.

സര്‍വകലാശാലകള്‍ ഭാര്യമാര്‍ക്ക്

എം.ബി രാജേഷ് എക്‌സ് എംപിയുടെ ഭാര്യ നിനിത കണിച്ചേരിയെ സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചു. പിഎസ് സി റാങ്ക് പട്ടികയില്‍ 212-ാമത് ഉള്ള ആളാണ് സംസ്‌കൃത സര്‍വകലാശാലയില്‍ മുസ്ലിം സംവരണ ക്വോട്ടയില്‍ ഒന്നാംറാങ്കില്‍ ജോലി നേടിയത്.

കെ.കെ രാഗേഷ് എം.പിയുടെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ഡീനായി നിയമിച്ചു.

മുന്‍ എം.പി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചി സര്‍വകലാശാലയില്‍ പിഎച്ച്ഡി യോഗ്യതയുള്ളവരെ ഒഴിവാക്കി അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചു.

മുന്‍ എം.പി പി.കെ ബിജുവിന്‍റെ ഭാര്യ വിജി വിജയനെ കേരള സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വകുപ്പില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചത് ഉയര്‍ന്ന യോഗ്യതയും നെറ്റും ഉള്‍പ്പെടെയുള്ള നൂറോളം പേരെ തഴഞ്ഞ്.

എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഷഹാന ഷംസീറിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചെങ്കിലും കോടതി വിധിയെ തുടര്‍ന്ന് രാജിവെച്ചു.

മന്ത്രി ജി സുധാകരന്‍റെ ഭാര്യയെ കേരള സര്‍വകലാശാലയില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറ്ടറായി നിയമിച്ചു. വിവാദത്തെ തുടര്‍ന്ന് രാജിവച്ചു.

മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറിയായി കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് 10 വര്‍ഷം മുമ്പ് വിരമിച്ച സിപിഎം പ്രവര്‍ത്തകന്‍ സ്റ്റാലിനെ ഡപ്യൂട്ടി രജിസ്റ്റര്‍ തസ്തികയില്‍ പുനര്‍നിയമിച്ചു.

കാലിക്കട്ട് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ നേതാവിന് 21 മാര്‍ക്ക് ദാനമായി നല്കാന്‍ 2010ലും 2018ലും തീരുമാനിച്ച പരീക്ഷാസ്ഥിരം സമിതി അധ്യക്ഷന്‍ ജോഷിക്ക് രജിസ്ട്രാര്‍ തസ്തികയില്‍ നിയമനം.

സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കര്‍ഷകസംഘം നേതാവുമായ ടികെ വാസുവിന്റെ ഭാര്യയെ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഉന്നത യോഗത്യയുള്ള നിരവധി പേരെ തഴഞ്ഞ് അധ്യാപികയായി നിയമിച്ചു. ഇതിനെതിരേ ഡിവൈഎഫ് ഐ നേതാവ് കെഎം അജി പരസ്യമായി രംഗത്തുവന്നു.

വ്യവസായം ബന്ധുക്കള്‍ക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരന്‍ എസ്ആര്‍ വിനയകുമാര്‍, യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍.

മുന്‍മുഖ്യമന്ത്രി ഇകെ നായനാരുടെ കൊച്ചുമകന്‍ സൂരജ് രവീന്ദ്രന്‍, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദിന്റെ മകന്‍ ജീവ ആനന്ദ് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍.

സിപിഎം സംസ്ഥാന സമിതി അംഗം കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന്‍ ടി ഉണ്ണികൃഷ്ണന്‍, കിന്‍ഫ്രയുടെ ജനറല്‍ മാനേജര്‍.

സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ ബന്ധു എംഡി ജോസ് മോന്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ ജനറല്‍ മാനേജര്‍.

സിപിഎം സംസ്ഥാന സമിതിയംഗം കെ. വരദരാജന്റെ മകന്‍ ശരത് വി രാജ്, കേരള ഇന്‍സ്റ്റിറ്റിയൂ’് ഫോര്‍ എന്‍ട്രപ്രനര്‍ ഡെവലപ്പ്മെന്‍റ് സിഇഒ.

സിപിഎം ഗസറ്റഡ് ഓഫീസേഴ്‌സ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ നേതാവ് ജയകുമാരന്‍പിള്ളയെ വിരമിച്ച ഉടനേ നിയമിച്ചത് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി.

വൈദ്യുതി ബോര്‍ഡിലെ ഇടതുയൂണിയന്‍ നേതാവ് പ്രസാദ് മാത്യു, ട്രാക്കോ കേബിള്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍.

കൊച്ചി ഇന്‍ഫ്ര എക്‌സ്‌പോര്‍ട് പ്രമോഷന്‍ പാര്‍ക്കില്‍ യു. നിഖാന്ത് എന്ന പിണറായിക്കാരന് നിയമനം.

സെക്രട്ടറിമാരുടെ ബന്ധുക്കളും

തൊഴില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായരുടെ ബന്ധു സുകേശ് ആര്‍ പിള്ളയെ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ ലെയ്‌സ ഓഫീസ് ക്ലസ്റ്റര്‍ ഹെഡ് തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തി.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ അനുജന്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍.

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അസി. പ്രൈവറ്റ് സെക്രട്ടറി എഎ ബഷീറിന്റെ ഭാര്യയെ തൊഴില്‍വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റിയൂ’് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റില്‍ എല്‍ഡി ക്ലര്‍ക്കായി നിയമിച്ചു. എല്‍ഡി ക്ലര്‍ക്ക് റാങ്ക് പട്ടികയില്‍ 56,000 പേര്‍ കാത്തിരിക്കുമ്പോഴാണിത്.

പഞ്ചായത്ത് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ സമഗ്രശിക്ഷ കേരളം സംസ്ഥാന ഓഫീസില്‍ ക്ലര്‍ക്ക്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ ഭാര്യ സമഗ്രശിക്ഷ കേരളം സംസ്ഥാന ഓഫീസില്‍ പ്രോജക്ട് മാനേജര്‍.

പാര്‍ട്ടി ചാനലിലെ ക്യാമറമാന്റെ ഭാര്യ സമഗ്രശിക്ഷ കേരളം സംസ്ഥാന ഓഫീസില്‍ ക്ലര്‍ക്ക്.

പാര്‍ട്ടി ചാനല്‍ മേധാവിയുടെ ഭാര്യ കെ റെയില്‍ പ്രോജക്ടില്‍ ഉന്നതതസ്ഥികയില്‍.

സിപിഎം കാട്ടാക്കട ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യ സമഗ്രശിക്ഷ കേരളം സംസ്ഥാന ഓഫീസില്‍ ക്ലര്‍ക്ക്.

ജയിംസ് മാത്യു എംഎല്‍എയുടെ മുന്‍ പിഎ സമഗ്രശിക്ഷ കേരളം ഡയറക്ടറുടെ പിഎ.

തിരുവനന്തപുരത്ത് കൗസിലറുടെ സഹോദരി സമഗ്രശിക്ഷ കേരളം സംസ്ഥാന ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്റ്.

കൂട്ടനിയമനങ്ങള്‍

സമഗ്രശിക്ഷ കേരളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് 5313 അധ്യാപകര്‍ ഉള്‍പ്പെടെ 5942 പേരെ.

വൈദ്യുതി ബോര്‍ഡില്‍ 1500 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, 10,000 ഹെല്‍പ്പേഴ്‌സ് എന്നിവര്‍ക്ക് കുടുംബശ്രീയുമായി ചേര്‍ന്ന് കരാര്‍ നിയമനം.

സിഡിറ്റില്‍ 123 പേര്‍ക്ക് കരാന്‍ നിയമനം. ഇതില്‍ 12 പേര്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പരിപാലനത്തിന്.

വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എസ്‌സിഇആര്‍ടിയില്‍ 25 കരാര്‍ ജീവനക്കാരും 35 ദിവസക്കൂലിക്കാരും. ഇവരില്‍ ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരും ഉണ്ട്.

ധനവകുപ്പില്‍ എണ്‍പതോളം താത്ക്കാലിക ജീവനക്കാര്‍ അസിസ്റ്റന്റ്, ഡേറ്റ എന്‍ട്രി തസ്തികകളില്‍: കിഫ്ബിയില്‍ 30 കരാര്‍ ജീവനക്കാര്‍.

തദ്ദേശ സ്ഥാപനങ്ങളില്‍ വിവരശേഖര ജോലിക്കായി ആയിരത്തോളം ടെക്‌നിക്കില്‍ അസിസ്റ്റുമാര്‍ക്ക് താത്ക്കാലിക നിയമനം.

കേരള കലാമണ്ഡലത്തില്‍ നടന്ന 110 നിയമനങ്ങളില്‍ ബഹുഭൂരിപക്ഷവും ലഭിച്ചത് പാര്‍ട്ടി ബന്ധുക്കള്‍ക്ക്. വൈസ് ചാന്‍സലറുടെ പിഎ 2004ല്‍ വിരമിച്ച വ്യക്തി.

കേരള ലൈബ്രറി കൗണ്‍സിലില്‍ സിപിഎം നേതാക്കളുടെ സ്വന്തക്കാരായ 13 പേരെ സ്ഥിരപ്പെടുത്തി. 10 എല്‍ഡി ക്ലര്‍ക്ക്, 2 എല്‍ഡി ടൈപ്പിസ്റ്റ്, 1 ഡ്രൈവര്‍ എന്നീ തസ്തികകൡലാണ് നിയമനം. 17 ലക്ഷം പേര്‍ എഴുതിയ എല്‍ഡി ക്ലര്‍ക്ക് പിഎസ് സി ലിസ്റ്റ് നിലവിലുള്ളപ്പോഴാണിത്.

ലീഗല്‍ അസിസ്റ്റന്റ് നിയമനത്തില്‍ പിഎസ്‌സി മിനിം 40 മാര്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കെ, എട്ടും പത്തും മാര്‍ക്ക് നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ലീഗല്‍ അസിസ്റ്റന്റായി. റാങ്ക് ലിസ്റ്റില്‍ 565 പേര്‍ കാത്തിരിക്കുമ്പോഴാണിത്.

ഇതിനെല്ലാം മകുടം വയ്ക്കുന്നതാണ് സ്വ്പന സുരേഷിന്റെ നിയമനം. കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, വിഷന്‍ ടെക്‌നോളജീസ് എന്നീ സ്ഥാപനങ്ങളിലൂടെയാണ് ബഹിരാകാശ ഗവേഷണത്തിനുള്ള സ്‌പേസ് പാര്‍ക്കില്‍ പ്രോജക്ട് മാനേജരായി സ്വപ്ന നിയമിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ വളഞ്ഞ വഴിയിലൂടെയാണ് സ്വപ്‌നയുടെ നിയമനം നടത്തിയത്. സ്വപ്‌നയുടെ ബിരുദം വ്യാജം. പത്താം ക്ലാസ് പോലും പാസായില്ലെങ്കിലും ശമ്പളം 1.12 ലക്ഷം രൂപ. സ്വപ്‌നയുടെ കണ്‍സള്‍ട്ടന്‍സി നിയമനത്തിന് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു നല്കിയത് പ്രതിമാസം 2.7 ലക്ഷം രൂപ, ഇടനിലക്കാരായ വിഷന്‍ ടെക്‌നോളജിക്കു നല്കിയത് 1.4 ലക്ഷം രൂപ.