വയനാട്ടിലെ ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ ജന്മദിനസമ്മാനം. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷനുകള്‍ ലഭ്യമാക്കി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എഴുപതോളം ടെലിവിഷനുകള്‍ ഡിസിസി പ്രസിഡന്‍റ് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജില്ലാഭരണകൂടത്തിന് കൈമാറി.
ജില്ലാഭരണകൂടത്തിന്‍റെ കണക്കുകള്‍ പ്രകാരം ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത മുഴുവന്‍ ആദിവാസി കോളനികളിലേക്കുമുള്ള ടെലിവിഷനുകളും ഇതിന് പിന്നാലെ തന്നെ മണ്ഡലത്തിലെത്തിക്കും. കോളനികളില്‍ കമ്മ്യൂണിറ്റിഹാള്‍, പഠനമുറി, അംഗന്‍വാടി എന്നിവിടങ്ങളില്‍ പഠനസൗകര്യമൊരുക്കുന്നതിനായാണ് ടി വികള്‍ വിതരണം ചെയ്യുന്നത്. ജില്ലാഭരണകൂടം നല്‍കിയ ലിസ്റ്റുകള്‍ പ്രകാരമാണ് ടിവികള്‍ എത്തിച്ചുനല്‍കുന്നത്. വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിരവധി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യമില്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധിയുടെ ഇടപെടല്‍.
ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മുഖ്യമന്ത്രിക്കും, ജില്ലാകളക്ടര്‍ക്കും നേരത്തെ തന്നെ രാഹുല്‍ഗാന്ധി കത്തയച്ചിരുന്നു. പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രാഹുല്‍ഗാന്ധി ജില്ലാകലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള മുഴുവൻ ടെലിവിഷനുകളും ഉടൻ ജില്ലയില്‍ വിതരണം ചെയ്യും.