24 -ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഓൺലൈൻ രജിസ്ട്രേഷനു ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തുനൽകുന്നതിനായി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഹെൽപ്പ് ഡെസ്കും പ്രവർത്തനം ആരംഭിക്കും.
ഡിസംബർ 6 മുതൽ 13 വരെ കേരള സംസ്ഥാന ചലച്ചിത്രഅക്കാദമി സംഘടിപ്പിക്കുന്ന 24 -ആമത് രാജ്യാന്തര ചലച്ചിത്രമേളയുടെ പൊതുവിഭാഗത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 1000 രൂപയാണ് പൊതുവിഭാഗത്തിനുള്ള ഡെലിഗേറ്റ് ഫീസ്. നവംബർ 26 മുതൽ രജിസ്റ്റർ ചെയ്യുന്നവർ 1500 രൂപ അടയ്ക്കേണ്ടിവരും. ചലച്ചിത്ര-ടി.വി രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഫിലിം സൊസൈറ്റി പ്രവർത്തകർക്കും നവംബർ 15 മുതൽ 25 വരെയും മാധ്യമപ്രവർത്തകർക്ക് നവംബർ 20 മുതൽ 25 വരെയുമാണ് രജിസ്ട്രേഷൻ നടത്താൻ നൽകിയിട്ടുള്ള സമയപരിധി. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ടാഗോർ തീയറ്ററിൽ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിക്കുന്നത്. സിനിമാ പ്രേമികൾക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്ന ഫിലിം ഫെസ്റ്റിന് വേദിയാകുന്ന തലസ്ഥാന നഗരിയിൽ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.