ഓണ്‍ലൈന്‍ പഠനം: ഇടുക്കിയിലെ ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പിയുടെ സഹായഹസ്തം; ടെലിവിഷനും കേബിള്‍ നെറ്റ്‌വര്‍ക്കും എത്തിച്ചുനല്‍കി

Jaihind News Bureau
Thursday, June 4, 2020

 

ഇടുക്കി : സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും, അടിമാലിയിലും ആദിവാസി മേഖലകളിൽ കുട്ടികളുടെ  ഓൺലൈൻ പഠനത്തിനായി 10 സ്മാർട് ടിവിയും ഡിഷ് കണക്ഷനും നൽകി ഡീൻ കുര്യാക്കോസ് എം.പി.   എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷനും അൽ-അസർ ഗ്രൂപ്പും ചേർന്നാണ് ആദിവാസി മേഖലകളിൽ പഠന സൗകര്യമൊരുക്കുന്നത്.

ഓൺലൈൻ പഠനത്തിനുള്ള സാധ്യതകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ നടപ്പാക്കുമ്പോള്‍ നമ്മുടെ നാട്ടിൽ ഒരുപാട് പ്രദേശങ്ങൾ പഠന സൗകര്യമില്ലാതെ അവശേഷിക്കുന്നുണ്ട്.  പ്രത്യേകിച്ച് ആദിവാസി ഊരുകളും മലയോരമേഖലകളും ടെലിവിഷൻ സൗകര്യമോ ഇന്‍റർനെറ്റ് സൗകര്യമോ ഉൾപ്പെടെ മൊബൈൽ കവറേജ് പോലും എത്തിപ്പെടാത്ത പ്രദേശങ്ങളുണ്ട്. ഇത്തരം മേഖലകളിലെ കുട്ടികളെയും ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കേണ്ടതും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിച്ചേർക്കേണ്ടതും പൊതുസമൂഹത്തിന്‍റെ ഉത്തരവാദിത്തമാണ് – ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.