CPM workers arrested| ഓണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനം , നാലു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Jaihind News Bureau
Tuesday, September 2, 2025

തൊടുപുഴ: കാര്‍ തടഞ്ഞുനിര്‍ത്തി ഓണ്‍ലൈന്‍ മാദ്ധ്യമപ്രവര്‍ത്തനായ ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച കേസില്‍ നാല് പ്രതികളെ ബെംഗളൂരുവില്‍നിന്ന് പിടികൂടി. ഡിവൈഎഫ്ഐ മുന്‍ ഭാരാവാഹി മാത്യൂസ് കൊല്ലപ്പള്ളി ഉള്‍പ്പെടെയുള്ളവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ ഒരുപ്രതിയെ കൂടി പിടികൂടാനുണ്ട്.

ബെംഗലൂരുവില്‍ പിടിയിലായ പ്രതികളെ തെളിവെടുപ്പിനായി തൊടുപുഴയില്‍ എത്തിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ സിപിഎം പ്രവര്‍ത്തകനായ മാത്യു കൊല്ലപ്പിള്ളി, തൊടുപുഴ സ്വദേശികളായ ടോണി, ഷിയാസ്, അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സംഘത്തെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. പ്രതികളുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ഷാജന്‍ സ്‌കറിയക്ക് നേരെ അതിക്രമം ഉണ്ടായത്. ഷാജന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ജീപ്പുകൊണ്ടിടിച്ചു. വാഹനം നിര്‍ത്തിയപ്പോള്‍ വാതില്‍ തുറന്ന് ശാരീരികമായി ആ്ക്രമിക്കുകയായിരുന്നു.

വ്യക്തിഹത്യ ചെയ്യുന്നരീതിയില്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ആരോപിച്ചാണ് ഷാജനെ പ്രതികള്‍ മര്‍ദിച്ചതെന്നാണ് വിവരം. പരിക്കേറ്റ ഷാജന്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.