ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോട്ടയം വടവാതൂര്‍ സ്വദേശിയുടെ ഒരു കോടി അറുപത്തിനല് ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍. വിശാഖപട്ടണത്തു നിന്നുമാണ് ഇയാള്‍ പിടിയിലായത്. വിശാഖപട്ടണം ഗാന്ധിനഗര്‍ സ്വദേശിയായ നാഗേശ്വര റാവുവിന്റെ മകന് രമേഷ് വെല്ലംകുള ആണ് കോട്ടയം സൈബര്‍ പോലീസിന്റെ പിടിയിലായത്.
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് ബിസ്സിനസ്സിലൂടെ ലാഭമുണ്ടാക്കിത്തരാം എന്ന് വിശ്വസിപ്പിച്ച ശേഷം ചെറിയ തുക നിക്ഷേപിച്ച് ട്രേഡിങ്ങിലൂടെ ചെറിയ ലാഭം കൊടുത്ത് വിശ്വാസം ആര്‍ജിച്ച ശേഷം പലപ്രാവശ്യമായി ഒരു കോടി അറുപതിനല് ലക്ഷത്തി ഒരുനൂറ്റി നാല്പത്തി ഒന്ന് രൂപ പല അക്കൗണ്ടുകളില്‍ നിന്നായി കൈക്കലാക്കുകയായിരുന്നു. ഏപ്രില്‍ 28 മുതല്‍ മെയ് 20 വരെയുള്ള കാലയളവില്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. NUVAMA WEALTH എന്ന ട്രേഡിങ് കമ്പനിയുടെ പേരിലുള്ള വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ചും, ഇതേ കമ്പനിയിലെ തൊഴിലാളികളുടെ പേരുകള്‍ ഉപയോഗിച്ചും സംശയം തോന്നാത്ത രീതിയില്‍ വിശ്വാസ്യത ഉറപ്പുവരുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്.