കർഷകരെ ദുരിതത്തിലാക്കി ഉളളിവില ഇടിയുന്നു; കിലോയ്ക്ക് 50 പൈസ

മധ്യപ്രദേശിലെ കർഷകരെ ദുരിതത്തിലാക്കി ഉളളി വില കിലോയ്ക്ക് 50 പൈസയായി. കേന്ദ്ര സർക്കാരിനെതിരെ രാജ്യമെമ്പാടും കർഷകരുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് മധ്യപ്രദേശിലും കർഷകർ വലിയ പ്രതിസന്ധി നേരിടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്ക് ശേഷം കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി മധ്യപ്രദേശിൽ ഉളളിവില കിലോയ്ക്ക് 50 പൈസയിൽ എത്തി. ഇവിടുത്തെ പ്രധാന കാർഷിക മേഖലയായ മാൽവാ പ്രദേശത്ത് 50 പൈസാ നിരക്കിലാണ് മാർക്കറ്റിൽ ഉളളി വില്പന നടക്കുന്നത്. ഇവിടുത്തെ മറ്റൊരു പ്രധാന കൃഷിയിനമായ വെളുത്തുളളിക്കും വൻ വിലയിടിവാണ് സംഭവിച്ചിരിക്കുന്നത്.

കർഷകർ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും താങ്ങുവില പ്രഖ്യാപിക്കാൻ തയ്യാറാകാത്ത സർക്കാർ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. സംസ്ഥാനത്ത് ഉളളിക്ക് വിലയിടിവ് തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം നടന്ന കർഷക റാലിയിലും വില നിയന്ത്രണം നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെയുളള ജനരോക്ഷം പ്രകടമായിരുന്നു.

അതേസമയം കൃഷി ആവശ്യത്തിനായി ബാങ്കുകളിൽ നിന്നും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത കർഷകർ ആത്മഹത്യയുടെ വക്കിലാണ്. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ രൂപീകരിച്ചാൽ പത്ത് ദിവസത്തിനുളളിൽ കാർഷിക കടങ്ങൾ എഴുതിത്തളളുമെന്ന് നേരത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു. കാർഷികോത്പന്നങ്ങളുടെ വിലയിടിവ് പ്രചാരണ രംഗത്ത് കോൺഗ്രസ് ആയുധമാക്കിയതോടെ തെരഞ്ഞടെപ്പിൽ മധ്യപ്രദേശിലെ ബിജെപി സർക്കാർ കനത്ത പരാജയഭീതിയിലാണ്.

https://youtu.be/8doixaKof4o

OnionPrice
Comments (0)
Add Comment