മോ‌ദി 1 വർഷം, റേറ്റിംഗ് – 0

P. Chidambaram
Sunday, May 31, 2020

 

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഒരു വർഷം പിന്നിടുമ്പോള്‍ സർക്കാരിന്‍റെ പ്രകടനത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കാർഡ് തയാറാക്കാൻ യോജിച്ച സമയമാണിത്. സ്വയം വരുത്തിവെച്ച നടപടികൾ വഴി സമ്പദ്‌വ്യവസ്ഥയുടെ പതനത്തിന് വഴി തെളിച്ച മുൻ സർക്കാരിന്‍റെ തുടർച്ചയാണ് രണ്ടാം എൻ.ഡി.എ സർക്കാർ. നോട്ട് നിരോധനം, ജി.എസ്.ടി എന്നീ വലിയ രണ്ട് കാര്യങ്ങളാണ് മണ്ടത്തരങ്ങളിൽ പ്രധാനം. ആദ്യത്തേത് ലക്ഷക്കണക്കിന് ജനങ്ങളുടെ തൊഴിൽ ഇല്ലാതാക്കി. ചെറുകിട വ്യവസായങ്ങളുടെ അടച്ചുപൂട്ടലിന് വഴിതെളിച്ചു. ഇങ്ങനെയാണ് അത് ജനങ്ങളെ ദ്രോഹിച്ചത്. അപാകതകൾ നിറഞ്ഞ രൂപകൽപന, നിയമം, നികുതി നിരക്ക്, നടപ്പാക്കിയ രീതി എന്നിവയിലൂടെ ജി.എസ്.ടിയും ജനങ്ങളെ കഷ്‌ടത്തിലാക്കി. ഇവ രണ്ടും ചേർന്നാണ് 2017-18 ന്‍റെ ആദ്യ പാദം മുതൽ ജി.ഡി.പിയുടെ പതനത്തിന് വഴി തെളിച്ചതും. അസാധാരണമായ വിധത്തിൽ തുടർന്നുള്ള ഏഴുപാദങ്ങളിൽ അത് തുടർന്നു. നാല് ശതമാനത്തിൽ താഴെ വളർച്ചയിലേക്ക് കുപ്പുകുത്തും വിധം.

കൊവിഡിന് മുമ്പുള്ള തകർച്ച

ഒന്നാം എൻ.ഡി.എ സർക്കാരിന്‍റെ അവസാനകാലത്ത് കുറഞ്ഞ സമ്പാദ്യവും കുറഞ്ഞ നിക്ഷേപങ്ങളും താണ വേതനവുമാണ് നിലനിന്നത്. വൻ തോതിൽ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും കൂടി. തെരഞ്ഞെടുപ്പിൽ വിജയ സാധ്യത കുറവായിരുന്ന എൻ.ഡി.എയെ ബലാക്കോട്ടിലെ സർജിക്കൽ ആക്രമണമാണ് തുണച്ചത്. എന്നാൽ അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റത്തിന് തടയിടാൻ അതിന് കഴിഞ്ഞോ? പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ വഷളാവുകയാണ് ചെയ്‌തത്.

രണ്ടാം വട്ടം വീണ്ടും അധികാരത്തിലേറിയ എൻ.ഡി.എ സർക്കാർ നല്ല ഭരണത്തിനും സമ്പദ്‌വ്യവസ്ഥയുടെ നന്മയ്‌ക്കും മുൻതൂക്കം നൽകുമെന്ന പ്രതീക്ഷകൾ തകിടം മറിച്ച് അയോധ്യ, ദേശീയ പൗരത്വ ഭേദഗതി, ദേശീയ പൗരത്വ രജിസ്‌റ്റർ, ജനസംഖ്യാ രജിസ്‌റ്റർ, ജമ്മുകാശ്‌മീരിലെ 370-ാം വകുപ്പ് റദ്ദാക്കൽ എന്നിവയിൽ കേന്ദ്രീകരിച്ചു. സമ്പദ്‌വ്യവസ്ഥയുടെ മോശം അവസ്ഥ പാടെ അവഗണിക്കപ്പെട്ടു. മന്ത്രിസഭയുടെ കഴിവ് ചോദ്യം ചെയ്യപ്പെട്ടു. ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി മോദി അധികാരമെല്ലാം സ്വന്തം കൈപ്പിടിയിലൊതുക്കി.

എൻ.ഡി.എ സർക്കാരിന്‍റെ ഓരോ തീരുമാനങ്ങളും സമൂഹത്തിൽ സംഘർഷത്തിനും സാമ്പത്തിക തകർച്ചയ്‌ക്കും വഴി തെളിച്ചു. സാമ്പത്തിക മുരടിപ്പ് എട്ടാം പാദത്തിലേക്ക് കടന്ന സമയത്താണ് കൊവിഡ് രാജ്യത്തെ ബാധിച്ചത്. പ്രധാനമന്ത്രിയെ കമാൻഡർ എന്നു വിശേഷിപ്പിച്ച് എല്ലാവരും പിന്തുണ നൽകണമെന്ന് ആദ്യം ആഹ്വാനം ചെയ്‌തവരിൽ ഒരാളാണ് ഞാൻ. തയാറെടുപ്പിന് നാലുമണിക്കൂർ മാത്രം സാവകാശം നൽകിയ ലോക്ക്ഡൗൺ പ്രഖ്യാപനം അടക്കമുള്ള അദ്ദേഹത്തിന്‍റെ തീരുമാനങ്ങളോട് നാം യോജിച്ചു.

ലോക്ക്ഡൗണിലെ ഭാഗിക നേട്ടം

ലോക്ക്ഡൗൺ പല രാജ്യങ്ങളിലും നടപ്പാക്കിയതാണെങ്കിലും ഇന്ത്യയിൽ എൻ.ഡി.എ സർക്കാർ വേണ്ടത്ര തയാറെടുപ്പുകൾ നടത്തിയിരുന്നില്ല. 21 ദിവസത്തെ ആദ്യ ഘട്ടത്തിന് ശേഷം ലോക്ക്ഡൗൺ നീട്ടിയാലുള്ള സാഹചര്യങ്ങൾ വിലയിരുത്തിയില്ല. കൊവിഡിനെതിരായ യുദ്ധം 21 ദിവസം കൊണ്ട് ജയിക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞ പ്രധാനമന്ത്രിയുടെ വാക്കുകളും പാഴായി. അതിന്‍റെ പരിണത ഫലം ഭീകരമായിരുന്നു. തുടർച്ചയായ ലോക്ക്ഡൗണുകൾ നേട്ടമുണ്ടാക്കിയില്ല. വലിയ മാനുഷിക പ്രശ്‌നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികൾ കുട്ടികളെയും കൊണ്ട് പലായനം ചെയ്യുന്നു. അവരുടെ കൈയിൽ പണമില്ല, ഭക്ഷണമില്ല, കിടപ്പാടമില്ല, മരുന്നും പ്രതീക്ഷയുമില്ല. ജോലി നഷ്‌ടമായ നഗരങ്ങളിൽ നിന്ന് സ്വദേശങ്ങളിലേക്ക് ഓടിപ്പോയ അവരുടെ നേരെ സർക്കാരിന്‍റെ പ്രതികരണം ക്രൂരത നിറഞ്ഞതായിരുന്നു.

അതേസമയം സമ്പദ്‌വ്യവസ്ഥ കൂടുതൽ മുങ്ങിത്താഴുന്നു. 40 വർഷത്തിനുശേഷം ഇന്ത്യയുടെ ജി.ഡി.പി നെഗറ്റീവിലേക്ക് താഴുമെന്നാണ് പ്രവചനം. തൊഴിലില്ലായ്‌മ 24 ശതമാനമാകും. ഇടത്തരക്കാർ പണമില്ലാതെ ദാരിദ്യ്രരേഖയ്‌ക്ക് താഴെയാകും. 30 കോടിയോളം വരുന്ന ദിവസവേതനകക്കാർ അടക്കം മൂന്നിലൊന്ന് ജനത പരമദരിദ്രരാകും. പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗക്കാരാണ് സമ്പദ്‌വ്യവസ്ഥ തകരുമ്പോൾ ഇരയാകുന്നവരിൽ ഏറെയും.

ഗൗനിക്കേണ്ട ഉപദേശം

അത്യഗാധ ഗർത്തത്തിലേക്ക് വീഴുന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ വഴികളുണ്ട്. പക്ഷേ സർക്കാർ അനുഭവസ്ഥരുടെയും ബുദ്ധിജീവികളുടെയും ശബ്‌ദങ്ങളെ കേൾക്കാൻ തയാറല്ല. കുറഞ്ഞത് 10 ലക്ഷം കോടി രൂപയുടെയെങ്കിലും ധന ഉത്തേജകമാണ് ഇന്നത്തെ ഏറ്റവും വലിയ ആവശ്യം. എല്ലാ കുടുംബങ്ങൾക്കും സൗജന്യ റേഷൻ വിതരണം ചെയ്യണം. സർക്കാർ പണം ചെലവാക്കണം. കേന്ദ്ര സർക്കാർ ജൂൺ ഒന്നിന് പുതിയ ബഡ്‌ജറ്റ് അവതരിപ്പിക്കണം. 40 ലക്ഷം കോടി രൂപ വകയിരുത്തണം (നിലവിലെ 30.43 ലക്ഷം കോടിക്ക് പകരം).

നിർഭാഗ്യവശാൽ കേന്ദ്രസർക്കാരിന് സാമ്പത്തിക ഉത്തേജക നടപടികളിൽ വിശ്വാസമില്ല. തലക്കെട്ടുകളിൽ ഇടം പിടിച്ച 20 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജിൽ ധനഘടകമായി വരുന്നത് 1.86 ലക്ഷം കോടി രൂപ മാത്രമാണ്(ജി.ഡി.പിയുടെ ഒരുശതമാനം) അതിനാൽ മോ‌ദി ഭരണത്തിന്‍റെ ഒരു വർഷത്തിന് പൂജ്യം റേറ്റിംഗ് നൽകാനേ കഴിയൂ.

അതേസമയം കൊവിഡ് രോഗവ്യാപനം കുതിച്ചുയരുന്നു. സർക്കാരിന്‍റെ കൈവശം മഹാമാരിയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളില്ല. സമ്പദ്‌വ്യവസ്ഥയും കൂടുതൽ മുങ്ങുകയാണ്. ലോക്ക് ഡൗണിൽ നിന്ന് പുറത്തു വരാനുള്ള മാർഗങ്ങളും സർക്കാർ തയാറാക്കിയിട്ടില്ല. 2020 എന്ന വർഷം ആകെ ഒലിച്ചു പോയ മട്ടാണ്. ഈ കറുത്ത കാലഘട്ടത്തിൽ നിന്ന് നമ്മളെ രക്ഷിക്കാനാകും വിധം സർക്കാരിന് ബുദ്ധി ഉദിച്ച് ഈ ഇരുണ്ട ചക്രവാളത്തിൽ നിന്ന് രക്ഷിക്കട്ടെ.