മ്യാന്‍മറില്‍ പട്ടാളഭരണം, അടിയന്തരാവസ്ഥ ; ഓങ് സാൻ സൂചിയും വിന്‍ മിന്‍ടും ഉള്‍പ്പടെ തടങ്കലില്‍

Jaihind News Bureau
Monday, February 1, 2021

മ്യാന്‍മറില്‍ ഒരുവര്‍ഷത്തേക്ക്  പട്ടാളഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. മ്യാൻമർ‌ ദേശീയ നേതാവും സമാധാന നൊബേൽ ജേതാവുമായ ഓങ് സാൻ സൂചിയും പ്രസിഡന്‍റ് വിന്‍ മിന്‍ടും  ഉള്‍പ്പെടെയുള്ള  പ്രമുഖ നേതാക്കളെല്ലാം തടങ്കലിലായി. ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് അപ്രതീക്ഷിത നീക്കം.   പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭരണക‌ക്ഷിയായ ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) വൻ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നവംബർ 8 ന് നടന്ന തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.