രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന് ഒരാണ്ട്; എങ്ങുമെത്താതെ നഷ്ടപരിഹാര വിതരണം

Jaihind Webdesk
Saturday, August 7, 2021

 

മലപ്പുറം : രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാന അപകടം നടന്നിട്ട് ഇന്നത്തേക്ക് ഒരു വർഷം പൂർത്തിയാകുന്നു. എന്നാൽ ഇപ്പോഴും അപകടത്തിൽപ്പെട്ടവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായ വിതരണം എങ്ങുമെത്തിയില്ല. അപകടത്തിന്‍റെ കാരണം അന്വേഷിച്ച വിദഗ്ധ സമിതി ഇത്‌ വരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുമില്ല.

2020 ഓഗസ്റ്റ് 7 ന്‍റെ രാത്രി 7:41നാണ് രാജ്യത്തെ നടുക്കിയ ആ ദുരന്ത വാർത്ത നമ്മെ തേടി എത്തിയത്. 184 യാത്രക്കാരും 6 ജീവനക്കാരുമായി ദുബയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കരിപ്പൂരിന്‍റെ റൺവേയിൽ നിന്നും തെന്നി മാറി 40 അടിയുള്ള താഴ്ചയിലേക്ക് പതിച്ചത്. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ അപകടത്തിന്‍റെ ആഘാതം കുറച്ചു. നിമിഷ നേരം പോലും പഴക്കാതെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് 21 പേരെ മാത്രം മരണത്തിന് വിട്ടുകൊടുത്തു 169 പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.

അപകടത്തിൽപ്പെട്ട നൂറിലേറെ പേർക്ക് ആണ് ഇനിയും നഷ്ടപരിഹാര തുക ലഭിക്കാനുള്ളത്. പരിക്കേറ്റവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായം ഇനിയും നൽകിയില്ല. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നാമമാത്രമായെങ്കിലും സഹായം ലഭിച്ചത്. ലഗേജ്‌ നഷ്ടപ്പെട്ടവർക്കും സഹായം ലഭിചിട്ടില്ല. അതേസമയം വിമാന അപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് തുടര്‍ നടപടികളെ ബാധിക്കുന്നുണ്ട്.

സംഭവശേഷം ഡിജിസിഎ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചു. വിമാന അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സമര്‍പ്പിക്കാത്തത് വലിയ വിമാനങ്ങളുടെ വരവു മുതല്‍ അപകടത്തില്‍പ്പെട്ടവരുടെ നഷ്ടപരിഹാരത്തെ വരെ ബാധിക്കും. അപകടത്തിനു ശേഷം വലിയ വിമാനങ്ങളുടെ വരവു കുറഞ്ഞത് കരിപ്പൂരിനെ ക്ഷീണിപ്പിച്ചതിനൊപ്പം കാര്‍ഗോ കയറ്റുമതിയെയും ദോഷകരമായി ബാധിച്ചു.