അടിമാലി: വഴിയിൽ നിന്നുകിട്ടിയ മദ്യം കുടിച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടവരില്‍ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിൽ തുടരുന്നതിനിടെയാണ് മരണം. അടിമാലി അഫ്സരക്കുന്നിലായിരുന്നു സംഭവം. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് വഴിയിൽ കിടന്നു കിട്ടിയ മദ്യം കഴിച്ച മൂന്നു പേരെ അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. ഇതിൽ അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചത്. . കീരിത്തോട് മടപറമ്പിൽ മനോജ് (28), അടിമാലി പുത്തൻപറമ്പിൽ അനിൽ കുമാർ. (38) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. സുഹൃത്ത് സുധീഷിന് വഴിയിൽ കിടന്നു കിട്ടിയ മദ്യകുപ്പിയിൽ നിന്ന് മൂവരും മദ്യപിക്കുകയായിരുന്നു. ഇതേ തുടർന്ന് മുന്നു പേർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു.
ഇതിനിടയിൽ മനു രക്തം ഛർദ്ദിച്ചതോടെയാണ് അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.മൂന്നു പേർക്കും ദേഹാസ്വാസ്ഥ്യമുണ്ടായത് കീടനാശിനിയുടെ അംശം കലർന്ന മദ്യം കഴിച്ചതിനാലെന്നാണ് കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ പരിശോധിച്ചതിൽ നിന്നാണ് ഇത് കണ്ടെത്തിയത്. കീടനാശിനി കലർത്തിയ മദ്യം കഴിച്ചതോ അല്ലെങ്കിൽ കീടനാശിനി എടുത്ത പാത്രത്തിൽ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയം.
വഴിയിൽ കിടന്നു കിട്ടിയ മദ്യമാണെന്നാണ് സുധീഷ് പറഞ്ഞിരിക്കുന്നത്. ഇത് കുഞ്ഞുമോൻ, അനിൽ കുമാർ, മനോജ് എന്നിവർ പങ്കിട്ട് കഴിക്കുകയായിരുന്നു. വഴിയില്‍ കിടന്ന് ലഭിച്ച മദ്യം ഇവര്‍ക്ക് നല്‍കിയ അടിമാലി പുത്തന്‍പുരയില്‍ സുധീഷിനെ കസ്റ്റഡിയില്‍ എടുത്തതിനു ശേഷം വിട്ടയച്ചു. മൂന്നു പേരുടെ മൊഴിയിലും മദ്യം നൽകിയ സുധീഷിനെ സംശയിക്കുന്നതായി പറഞ്ഞിട്ടില്ല. സംഭവത്തിൻ്റെ ദുരൂഹതയിലേക്കുള്ള അന്വേഷണത്തിലാണ് അടിമാലി പോലീസ്.