മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്തു വയസുകാരിക്കാണ് രോഗബാധ. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടി രണ്ടാഴ്ച മുന്‍പ് ഒരു നീന്തല്‍ക്കുളത്തില്‍ കുളിച്ചിരുന്നതായി കുടുംബം അധികൃതരെ അറിയിച്ചു.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം പതിനൊന്നായി. കൂടാതെ, രാമനാട്ടുകര സ്വദേശിയായ ഒരാള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. വേനല്‍ക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. വേനലില്‍ ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെ അളവ് കുറയുന്നതിനാല്‍ ചെളിയിലുള്ള അമീബയുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കുളങ്ങളിലോ ജലാശയങ്ങളിലോ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം.
വാട്ടര്‍ ടാങ്കുകള്‍ ചെളിയില്ലാതെ വൃത്തിയാക്കണം, കൂടാതെ സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം എന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് കടുത്ത തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.