ജോയ് അറയ്ക്കലിന് പിന്നാലെ യുഎഇയില്‍ വീണ്ടും മറ്റൊരു മലയാളി വ്യവസായിയുടെ മരണം : കണ്ണൂര്‍ സ്വദേശി ടി പി അജിത്ത് കെട്ടിടത്തില്‍ നിന്നു വീണുമരിച്ച നിലയില്‍

Elvis Chummar
Tuesday, June 23, 2020

ദുബായ് :  മലയാളി വ്യവസായിയെ ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ദുബായില്‍ ആഡംബര വില്ല കമ്മ്യൂണിറ്റിയില്‍ താമസിക്കുന്ന കണ്ണൂര്‍ പനങ്കാവ്, ചിറയ്ക്കല്‍ ടി.പി. ഹൗസില്‍ ടി.പി. അജിത്ത് (55) ആണ് മരിച്ചത്. തിങ്കളാഴ്ച ഷാര്‍ജ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് വീണായിരുന്നു മരണം. ഷാര്‍ജ പൊലീസ് കേസ് അന്വേഷിക്കുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി യുഎഇയിലുള്ള അജിത്ത് തയ്യില്‍, ദുബായില്‍ ഒട്ടേറെ ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ്. അടുത്തിടെ കണ്ണൂരില്‍ വീട് സ്വന്തമാക്കിയിരുന്നു. കമ്പനികള്‍ക്ക് വെയര്‍ഹൗസുകള്‍ നിര്‍മ്മിച്ച് നല്‍കിയാണ് അജിത്ത് തന്‍റെ കമ്പനി സാന്നിധ്യം ശക്തമാക്കിയത്. പിന്നീട് സിവില്‍ കണ്‍സ്ട്രക്ഷനിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. ഇദ്ദേഹത്തിന്‍റെ കുടുംബം ദുബായിലുണ്ട്.  ബിന്ദുവാണ് ഭാര്യ. മകന്‍ അമര്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി അജിതിന്‍റെ കൂടെ ബിസിനസ് നോക്കി നടത്തുകയാണ്. മകള്‍ ലക്ഷ്മി വിദ്യാര്‍ഥിയാണ്. കേരളത്തില്‍ നിന്നുള്ള എഞ്ചിനീയറിങ് കോളേജുകളുടെ യുഎഇ കൂട്ടായ്മയായ കേരയുടെ മുന്‍ ഭാരവാഹിയായിരുന്നു. പാലക്കാട് എന്‍ എസ് എസ് എഞ്ചിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥിയാണ്. മൃതദേഹത്തിന്‍റെ നടപടികള്‍ പുരോഗമിക്കുന്നു.