വയനാട് പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇനിയും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുക്കാനുണ്ടെന്നാണ് കണക്ക്. 12 മൃതദേഹങ്ങളാണ് ഇതുവരെ പ്രദേശത്തുനിന്ന് കണ്ടെടുത്തത്.
ഇന്നലെ ഇവിടെനിന്ന് ഒരു പുരുഷന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇത് ആരുടേതെന്നറിയാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ഇപ്പോള്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയുക സാധ്യമല്ല. ഉരുള്‍പൊട്ടലില്‍ കാണാതായ പുത്തുമല സ്വദേശി അണ്ണയ്യയുടേയും പൊള്ളാച്ചി സ്വദേശി ഗൗരീശങ്കറിന്‍റെയും ബന്ധുക്കള്‍ മൃതദേഹത്തിന് അവകാശവാദമുന്നയിച്ചതോടെയാണ് ഡി.എന്‍.എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
ഭൂഗർഭ റഡാറിന്‍റെ (GPR) സഹായത്തോടെയാണ് നിലവില്‍ പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുന്നത്. കല്ലും മരക്കഷണങ്ങളുമെല്ലാം ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ചിതറിക്കിടക്കുന്നത് റഡാറിന്‍റെ കൃത്യതയെ ബാധിക്കുന്നുണ്ടെങ്കിലും ബാക്കിയുള്ള മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.