ഷുഹൈബ് വധക്കേസ്; സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കസ്റ്റഡിയില്‍

കണ്ണൂർ എടയന്നൂരി ലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു. എടയന്നൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.പി പ്രശാന്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പതിനാറാം പ്രതിയാണ് പ്രശാന്ത്. പ്രശാന്ത് സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്ന വേളയിലാണ് ഷുഹൈബിന്‍റെ കൊലപാതകം നടന്നത്.
കൊലയാളി സംഘത്തിന് കാർ വാടകയ്ക്കെടുക്കാൻ പണം നൽകിയത് പ്രശാന്താണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അയ്യായിരം രൂപയാണ് പ്രശാന്ത് മറ്റ് പ്രതികൾക്ക് കാർ വാടകയായി നൽകിയത്. ഇത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കാര്യം നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിലും വ്യക്തമാക്കിയിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഉൾപ്പെട്ടിറ്റും പ്രശാന്തിനെ പിടികൂടാൻ പൊലീസ് തയാറായില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടയിലാണ് പ്രശാന്ത് പിടിയിലാകുന്നത്.

നേരത്തെ ലോക്കൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെ കുറ്റപത്രത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മറ്റു കാര്യങ്ങൾ പറഞ്ഞ് സി.പി.എം നേതൃത്വം മാറ്റുകയായിരുന്നു. പ്രശാന്ത് പിടിയിലായതോടെ ഷുഹൈബ് വധക്കേസിൽ പിടിയിലായവരുടെ എണ്ണം ഇതോടെ പതിനാലായി. ഇനി മൂന്ന് പ്രതികളെകൂടി പിടികൂടാനുണ്ട്.

Shuhaib Murder Case
Comments (0)
Add Comment