സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരിക്കെ എക്സൈസ് ഡ്രൈവർ മരിച്ചു; ഉറവിടം അജ്ഞാതം

Jaihind News Bureau
Thursday, June 18, 2020

കണ്ണൂർ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇന്ന് രാവിലെയോടെ മരിച്ചത്. പടിയൂർ സ്വദേശി സുനിൽകുമാറാണ് (28) പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്. ഇതോടെ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. എക്സൈസ് ഉദ്യോഗസ്ഥന് ജനതിക മാറ്റം സംഭവിച്ച വൈറസ് ബാധയേറ്റോ എന്ന് സംശയിക്കുന്നതായും ഇക്കാര്യം പരിശോധിക്കുമെന്നും ഡി.എം.ഒ നാരായണ നായ്ക്ക് അറിയിച്ചു.

മൂന്ന് ദിവസം മുൻപാണ് കൊവിഡ് പരിശോധന പോസിറ്റീവായതിനെ തുടർന്ന് സുനിൽകുമാറിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പരിയാരത്തെ ചികിത്സക്കിടെ ന്യുമോണിയ ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടായി. തുടർന്ന് ഇയാളെ വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മുതൽ സുനിൽ കുമാറിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു. ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

മട്ടന്നൂർ എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനിൽ കുമാർ. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മട്ടന്നൂർ എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാർ ക്വാറന്‍റൈനിൽ പോകുകയും ചെയ്തിരുന്നു. സുനിൽ കുമാറിന് നേരത്തെ മറ്റ് രോഗങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല
സുനിൽ കുമാറിന് എവിടെവെച്ചാണ് കൊവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. കർണാടക മേഖലയിൽ നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് സുനിൽകുമാർ കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇയാളെ പ്രതികളുടെടെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോയത് സുനിൽ കുമാറാണ്. ആശുപത്രിയിൽ വെച്ചോ പ്രതിയിൽനിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തിൽ അന്വേഷണം നടക്കുകയാണ്.

സുനിൽ കുമാറുമായി സമ്പർക്കത്തിൽ വന്ന നിരവധി പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇതിനിടെ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ 14 വയസുകാരന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് നടപടികൾ കർശനമാക്കി. ടൗണിനകത്തെ ദേശീയപാത ഒഴിച്ചുള്ള റോഡുകൾ പൊലീസ് അടച്ചു. 14 വയസുകാരനുമായി സമ്പർക്കത്തിൽ വന്ന ആളുകളെ നിരീക്ഷണത്തിലാക്കി.