ഷാര്‍ജയില്‍ പിഴ കൂടാതെ ബില്ലടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം ; ആശ്വാസം

ഷാര്‍ജ : വൈദ്യുതി-ജല-പാചക വാതക ബില്ല് അടക്കാന്‍ പ്രയാസപ്പെടുന്ന ഷാര്‍ജ നിവാസികള്‍ക്കു പുതിയ സന്തോഷ വാര്‍ത്ത. ഇപ്രകാരം, പിഴ കൂടാതെ ബില്ലടയ്ക്കാനുള്ള കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടി. ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി (സേവ) ആണ് ഈ ഉത്തരവിട്ടത്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ഇത് ഏറെ ആശ്വാസകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

1000 ദിര്‍ഹത്തില്‍ താഴെ ബില്ല് അടയ്ക്കാനുള്ളവര്‍ക്ക് ഒരു മാസവും , 1000ത്തില്‍ കൂടുതല്‍ അടയ്ക്കാനുള്ളവര്‍ക്ക് 15 ദിവസവുമാണ് സാവകാശം നീട്ടി നല്‍കിയത്. നേരത്തെ, പിഴ കൂടാതെ, പണമടയ്ക്കുന്നതിന് 7 ദിവസമായിരുന്നു ഗ്രേസ് പിരിയഡ് നല്‍കിയിരുന്നത്. ഇതാണ് ഈ റമസാന്‍ കാലത്ത് ആശ്വാസമാകുന്നത്. ഉപയോക്താക്കളില്‍ നിന്നു നിരന്തരം അപേക്ഷ ലഭിച്ചതിനെ തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്.

ബില്ലുകള്‍ അടക്കേണ്ടത് ഇങ്ങനെ

ഓരോ മേഖല തിരിച്ചു നാലു ഘട്ടങ്ങളില്‍ മീറ്റര്‍ റീഡ് ചെയ്താണു സേവ ബില്ലുകള്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ എല്ലാ മാസവും 7ന് ബില്ല് നല്‍കുന്നു. പിഴ കൂടാതെ ഈ ബില്ല് അടയ്ക്കാന്‍ അതേ മാസം 21 വരെ സമയമുണ്ട്. 14നാണു രണ്ടാമത്തെ ഘട്ടം. ബില്ല് അടയ്‌ക്കേണ്ട അവസാന തീയതി അടുത്ത മാസം ഒന്നാണ്. മൂന്നാം ഘട്ടത്തില്‍ 21ന് ബില്ലുകള്‍ നല്‍കുന്നു. അടുത്തമാസം 7 ആണ് അവസാന തിയതി. നാലാം ഘട്ടത്തിലെ ബില്ല് 28നാണ് നല്‍കുക. പിഴ കൂടാതെ അടയ്ക്കാന്‍ അടുത്ത മാസം 14 വരെ സമയം അനുവദിക്കുന്നു. കാലാവധിക്കു ശേഷം പണമടയ്ക്കുന്നവര്‍ക്ക് 25 ദിര്‍ഹമാണ് പിഴ. എന്നാല്‍ 300 ദിര്‍ഹത്തില്‍ കൂടാത്തവര്‍ക്ക് പിഴ ചുമത്തില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: സേവ വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ സന്ദര്‍ശിക്കുക. ഫോണ്‍ 991 എന്നിവയില്‍ ബന്ധപ്പെടണം.

Comments (0)
Add Comment