ആം ആദ്മി എംഎൽഎയ്ക്കും സംഘത്തിനും നേരെ വെടിവയ്പ്പ് ഉണ്ടായ സംഭവത്തിൽ പ്രതി അറസ്റ്റിൽ

Jaihind News Bureau
Wednesday, February 12, 2020

ആം ആദ്മി എം എൽ എ നരേഷ് യാദവിനും സംഘത്തിനും നേരെ ഉണ്ടായ വെടിവയ്പ്പിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ ഒരു ആം ആദ്മി പ്രവർത്തകൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ആം ആദ്മി പ്രവർത്തകനുമായുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ നടന്ന വെടിവയ്പ്പ് ഉന്നംവച്ചത് എംഎല്‍എയെ അല്ലെന്നാണ് പുതിയ വിവരം. പാർട്ടി പ്രവർത്തകനായ അശോക് മാനുമായുള്ള വ്യക്തിവൈരാഗ്യമാണ് വെടിവയ്പിന് പിന്നിലെന്നും പൊലീസ് പറയുന്നു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിച്ചതിന് പിന്നാലെയാണ് എംഎൽഎ നരേഷ് യാദവിന്‍റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ് ഉണ്ടായത്. നരേഷ് യാദവും സംഘവും ക്ഷേത്രത്തിൽ നിന്ന് മടങ്ങും വഴിയായിരുന്നു വെടിവയ്പ് അശോക് മാൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഡൽഹി മെഹ്‌റൗളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നരേഷ്. കിഷൻഗർഹ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ ഔദ്യോഗിക ട്വിറ്ററില്‍ അക്രമത്തെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ വിജയം നേടി വീണ്ടും അധികാരം ഉറപ്പിച്ചതിന് പിന്നാലെയാണ് പാർട്ടി എംഎൽഎയുടെ നേർക്ക് വധശ്രമമുണ്ടായിരിക്കുന്നത്.