ഏറ്റുമാനൂരില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

Jaihind News Bureau
Sunday, May 11, 2025

എംസി റോഡില്‍ കോട്ടയം ഏറ്റുമാനൂരില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏറ്റുമാനൂര്‍ ക്ലാമറ്റം മല്ലികത്തോട്ടത്തില്‍ മജോ ജോണിയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.

ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ നിന്നും എത്തിയ മിനി ലോറിയില്‍ ഇടിയ്ക്കുകയായിരുന്നു. മൂന്നു പേരാണ് കാറിനുള്ളിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മജോ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു.