
കോട്ടയം: കോട്ടയം കുറവിലങ്ങാട് എം.സി. റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിനി സന്ധ്യ ആണ് മരിച്ചത്. ചീങ്കല്ലയില്‍ പള്ളിക്ക് എതിര്‍വശം വെച്ച് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ 49 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്.
ഇരിട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ബസ് റോഡില്‍ മറിയുകയായിരുന്നു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ 18 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തെത്തിയ കുറവിലങ്ങാട് പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.