‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പ്രായോഗികമല്ല; രാജ്യത്തോടുള്ള സംഘപരിവാറിന്‍റെ വെല്ലുവിളി, വി.ഡി. സതീശന്‍

Jaihind Webdesk
Wednesday, September 18, 2024

 

തിരുവനന്തപുരം: ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്ക് കൊണ്ടുവരാനുള്ള ഗൂഢനീക്കമാണ് ഒറ്റ തിരഞ്ഞെടുപ്പിലൂടെ മോദിയും സംഘ്പരിവാറും ലക്ഷ്യമിടുന്നതെന്നും ഇത് രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും വ്യത്യസ്തങ്ങളായ സംസ്‌കാരവും ജീവിത രീതികളും വിവിധ ഭാഷകളുമൊക്കെ ചേര്‍ന്നതാണ് ഇന്ത്യ. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളും രാഷ്ട്രീയ വിഷയങ്ങളുമുണ്ട്. ഇതൊന്നും പരിഗണിക്കാതെ അധികാരത്തുടര്‍ച്ചയുടെ ധാര്‍ഷ്ട്യത്തില്‍ ബിജെപിയും സംഘപരിവാറും ജനാധിപത്യം എന്ന ആശയത്തെ തന്നെ അട്ടിമറിക്കുകയാണെന്നും വി.ഡി. കുറ്റപ്പെടുത്തി.

ജനവിധി ബോധപൂര്‍വം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനവികാരം ഉയരും. ആ ജനവികാരത്തിന് വഴങ്ങി തുഗ്ലക്ക് പരിഷ്‌കാരത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്തിരിയേണ്ടി വരുമെന്നത് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.