ASHA WORKERS ONAM| ഉത്രാട ദിനത്തില്‍ ആശമാര്‍ക്ക് തെരുവില്‍ ഓണസദ്യ; ആശമാര്‍ക്ക് ഓണം ഒരുക്കാന്‍ ഉമ്മന്‍ചാണ്ടി ചാരിറ്റബിള്‍ ഫോറം

Jaihind News Bureau
Tuesday, September 2, 2025

ഓണാവധിയും ആഘോഷവുമില്ലാതെ തെരുവില്‍ സമരം തുടരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ഫോറം ഓണ സദ്യ ഒരുക്കും. ഉത്രാട ദിനത്തിലാണ് സെക്രട്ടേറിയറ്റ് പടിക്കലെ സമരപന്തലില്‍ ഓണ സദ്യ നല്‍കുന്നത്. ഫെബ്രുവരി 10 ന് ആരംഭിച്ച രാപകല്‍ സമരത്തിന്റെ 209-ാം ദിവസമാണ് ന്തിരുവോണം. 200-ാം ദിനത്തില്‍ സമര പന്തലിലെ കഞ്ഞി പാത്രം കൊണ്ട് ആശമാര്‍ പട്ടിണി കളം ഒരുക്കി പ്രതിഷേധിച്ചിരുന്നു.

പ്രതിദിനം 233 രൂപ എന്ന തുച്ഛമായ ഓണറേറിയം മിനിമം കൂലിയായി വര്‍ദ്ധിപ്പിക്കുക, ആരോഗ്യവകുപ്പിലെ അടിസ്ഥാന ജോലികള്‍ ചെയ്യുന്ന ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്‍കുകതുടങ്ങിയ ജീവന്‍ പ്രദാനങ്ങളായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അശമര്‍ സമരം തുടങ്ങിയത്. എന്നാല്‍ ശക്തമായ സമരം മാസങ്ങള്‍ പിന്നിട്ടിട്ടും അവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാര്‍ തന്നെ നിയോഗിച്ച പഠനസമിതി ഓണറേറിയം വര്‍ധിപ്പിക്കണം എന്നാ നിര്‍ദ്ദേശം സമര്‍പ്പിച്ച ദിവസങ്ങള്‍ പിന്നിടുമ്പോഴും നിലപാട് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓണം പ്രമാണിച്ച് എങ്കിലും തങ്ങളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായി തീരുമാനമെടുക്കും എന്ന ആശമാരുടെ പ്രതീക്ഷയാണ് മങ്ങുന്നത്. നിരാശരായി തങ്ങള്‍ മടങ്ങി പോകില്ല, വിജയം വരെ സമരവുമായി മുന്നോട്ടു പോകും എന്ന് ആശാസമര സമിതി നേതാവ് എസ്. മിനി പറഞ്ഞു.