PALAKKAD FARMERS| പാലക്കാട് ചിറ്റൂരിൽ ഓണം പട്ടിണിയില്‍; കർഷകരുടെ ദുരവസ്ഥ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് പ്രതിഷേധം

Jaihind News Bureau
Thursday, September 4, 2025

പാലക്കാട് ചിറ്റൂരിൽ ഓണം പട്ടിണിയിലായി കടംകൊണ്ട് കഴിയുന്ന കർഷകരുടെ ദുരവസ്ഥ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് പ്രതിഷേധം. ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്ചുതന്റെ നേതൃത്വത്തിൽ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിരാഹാര സമരത്തിന് തുടക്കമായി.

ഓണം പട്ടിണിയിലായ കർഷകരുടെ വേദനയാണ് “പട്ടിണി ഓണം” നിരാഹാര സമരത്തിലേക്ക് കോൺഗ്രസിനെ നയിച്ചത്. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതന്റെ നേതൃത്വത്തിലാണ് 48 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം. കേരളത്തിലെ കർഷകർ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും കടത്തിൽ ആണെന്ന് നിരാഹാര സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് കെ. തങ്കപ്പൻ പറഞ്ഞു. സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ പോലും കർഷകർ ഇല്ലെന്നതിന് തെളിവാണ് ഓണത്തിന് പോലും സഹായധനം നൽകാതിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുതിർന്ന നേതാവ് എ. കെ. ആന്‍റണി, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫും ഓൺലൈനിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ. അച്യുതൻ, കെ. എ. ചന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി ഹരിഗോവിന്ദൻ, എന്നിവർ സംസാരിച്ചു.